‘ഗുര്‍മീതിന്റേത് പ്രശംസ അര്‍ഹിക്കുന്ന പ്രവൃത്തി’: ആള്‍ദൈവത്തെ പ്രശംസിച്ച നരേന്ദ്രമോദിയുടെ പഴയ ട്വീറ്റും വിവാദത്തില്‍

ദില്ലി: അനുയായിയായ സ്ത്രീയെ ബലാംത്സംഗം ചെയ്‌തെന്ന കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ദൈവം ദേരാ സച്ച് സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും തോഴനായിരുന്നുവെന്നതില്‍ സംശയമില്ല. ഗുര്‍മീതിന്റെ വീര സാഹസിക കഥകള്‍ പ്രചരിക്കുന്നതോടെപ്പം വിവാദ ആള്‍ദൈവത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത ട്വീറ്റാണ് സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോള്‍ ചര്‍ച്ച.

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ഗുര്‍മീത് ശൗചാലയങ്ങള്‍ നിര്‍മിച്ചപ്പോള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന്  ട്വീറ്റ് ചെയ്തിരുന്നു. ഗുര്‍മീത് റാം റഹീമിന്റേത് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന പ്രവര്‍ത്തനമാണെന്നും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രേരണ യാണിതെന്നുമായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്.

ഗുര്‍മീത് സിംഗിനെ ബലാംത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതുമുതല്‍ നരേന്ദ്രമോദിയുടെ ആശംസ ട്വീറ്റും വിവാദത്തിലായി. വിവിധ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേതാക്കള്‍ക്ക് പരസ്യമായ പിന്തുണ ഗുര്‍മീത് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന ഗുര്‍മീത് പിന്നീട് 2014 ഓടെ ബിജെപിയിലേയ്ക്ക് ചുവട് മാറ്റുകയായിരുന്നു. ദില്ലി ബീഹാര്‍, യുപി നിയമസഭ തെരഞ്ഞെടുപ്പുകളിലടക്കം ബിജെപിയ്ക്ക് പിന്തുണയുമായി ഗുര്‍മീത് എത്തിയിരുന്നു.

15 വര്‍ഷം മുന്‍പ് നടന്ന ബലാത്സംഗക്കേസിലാണ് ഗുര്‍മീത് റാം റഹിം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.  അതേസമയംആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായ കോടതി വിധിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തുന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 കടന്നിരുന്നു.

നാല് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലായി നടന്ന കലാപങ്ങളില്‍ 32 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 250 ലെറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ദില്ലി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഗുര്‍മീതിന്റെ പ്രസ്ഥാനമായ ദേര സച്ചാ സൗദ പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്.

DONT MISS
Top