മുത്തലാഖ് ഹര്‍ജിക്കാരി ഇസ്രത്ത് ജഹാന് ഭ്രഷ്ട് കല്‍പ്പിച്ച് ബന്ധുക്കളും നാട്ടുകാരും

ഇസ്രത്ത് ജഹാന്‍

കൊല്‍ക്കത്ത: മുത്തലാഖ് അസാധുവും നിയമവിരുദ്ധവുമാണെന്ന സുപ്രിം കോടതി വിധിയ്ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ പരാതിക്കാരില്‍ ഒരാളായ ഇസ്രത്ത് ജഹാനെ ബന്ധുക്കളും നാട്ടുകാരും ഭ്രഷ്ട് കല്‍പ്പിക്കുന്നുവെന്ന് ആരോപണം. മുത്തലാഖ് പോലെയുള്ള സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തിയതിനാണ് ഇസ്രത്തിന് സമൂഹത്തിന്റെ ബഹിഷ്‌കരണവും വ്യക്തിഹത്യയും നേരിടേണ്ടിവന്നത്.

കഴിഞ്ഞ ദിവസമാണ് മുത്തലാഖ് അസാധുവും ഭരണഘടന വിരുദ്ധവുമാണെന്ന സുപ്രിം കോടതി വിധി വരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇസ്രത്തിനോടുള്ള മനോഭാവത്തില്‍ സമൂഹത്തില്‍ മാറ്റം വരുന്നത്.  വിധി വന്നതിന് പിന്നാലെ തനിയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങളാണ് ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍നിന്നും നേരിടേണ്ടിവരുന്നത്, താന്‍ മോശമായ സ്ത്രീയാണെന്നും ഇസ്‌ലാം വിരുദ്ധയുമാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പലരും ഉന്നയിക്കുന്നതെന്നും ഇസ്രത്ത് പറയുന്നു.

സമൂഹത്തിന്റെ പെരുമാറ്റം തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും നാളുകള്‍ നീണ്ട നിയമപോരാട്ടത്തിന് ശേഷം ആളുകളെ അഭിമുഖീകരിക്കാന്‍ തനിക്ക് സാധിക്കുന്നില്ല. എന്നാല്‍ തന്നോടുള്ള സമൂഹത്തിന്റെ മോശം പെരുമാറ്റം പുതിയ പോരാട്ടത്തിലേയ്ക്കുള്ള തുടക്കമാണെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും ഇസ്രത്ത് പറയുന്നു. തനിക്ക്  വേണ്ടി കോടതിയില്‍ ഹാജരായ നസ്രിയ ഇല്യാഹി ഖാനും സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം വലിയ അധിക്ഷേപമാണ് നേരിടേണ്ടിവരുന്നതെന്നും ഇസ്രത്ത് പറയുന്നു.

2014ലാണ് ഇസ്രത്തിനെ ഭര്‍ത്താവ് മൊഴിചെല്ലുന്നത്. ദുബായില്‍നിന്ന് ഫോണ്‍ വഴിയായിരുന്നു ഇസ്രത്തിനെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുന്നത്. ഇതേ തുടര്‍ന്നാണ് സമൂഹത്തിലെ ദുരാചാരത്തിനെതിരെ ഇസ്രത്ത് നിയമപോരാട്ടത്തിന് മുതിരുന്നത്.15 വര്‍ഷം നീണ്ടു നിന്ന ഇരുവരുടെയും ദാമ്പത്യത്തില്‍ നാല് കുട്ടികളുണ്ട്‌.

മുസ്‌ലിം വിവാഹമോചന രീതിയായ മുത്തലാഖ് അസാധുവും നിയമവിരുദ്ധവുമാണെന്നാണ് കഴിഞ്ഞ ദിവസം സുപ്രിം കോടതി വിധി പുറപ്പെടുവിപ്പിച്ചത്.  ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, ആര്‍എഫ് നരിമാന്‍ എന്നിവര്‍ മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഇതിനോട് വിയോജിച്ചു. മുത്തലാഖ് ആറുമാസത്തേക്ക് നിരോധിക്കണമെന്നും ഇക്കാലയളവില്‍ ഇതുസംബന്ധിച്ച് പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

ഖുറാന്‍ അംഗീകരിക്കാത്ത കാര്യങ്ങള്‍ക്ക് ഭരണഘടനയുടെ പരിരക്ഷ ലഭിക്കില്ലെന്ന് ഭൂരിപക്ഷ വിധിയില്‍ പറയുന്നു. മുസ് ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചിട്ടും ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ എന്തുകൊണ്ട് മുത്തലാഖ് നിരോധിച്ചുകൂടെന്ന് വിധിയില്‍ ചോദിച്ചിരുന്നു.

ഇസ്രത്ത് ജഹാനെ കൂടാതെ  പതിനഞ്ച് വര്‍ഷം നീണ്ട വിവാഹ ജീവിതം മുത്തലാഖിലൂടെ വേര്‍പെടുത്തപ്പെട്ട സൈറാബാനു, കത്തുവഴി മൊഴിചൊല്ലപ്പെട്ട അഫ്രിന്‍ റഹ്മാന്‍, മുദ്രപത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നീ വനിതകളാണ് മുത്തലാഖിന്റെ നിയമസാധുതയും ഭരണഘടനാ സാധുതയും ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചത്.

DONT MISS
Top