വീണ്ടും ട്രെയിന്‍ അപകടം: മുംബൈയില്‍ ലോക്കല്‍ ട്രെയിനിന്റെ നാലു കോച്ചുകള്‍ പാളം തെറ്റി

മുംബൈ: രാജ്യത്ത് ഒരാഴ്ചക്കിടെ മൂന്നാമത്തെ ട്രെയിന്‍ അപകടം. മുംബൈയില്‍ അന്ധേരി – ഛത്രപതി ശിവജി ടെര്‍മിനല്‍ ഹാര്‍ബര്‍ പാതയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. രാവിലെ പത്തുമണിയോടെ മാഹിമിന് സമീപമായിരുന്നു അപകടം. ട്രെയിനിന്റെ നാലു കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് വധാല -അന്ധേരി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.

രാജ്യത്ത് ഒരാഴ്ചക്കിടെ സമാനമായുണ്ടാകുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണ് മാഹിമില്‍ നടന്നത്. ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ ദില്ലിയില്‍ നിന്നുള്ള കഫിയത്ത് എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ 80 പേര്‍ക്കാണ് പരുക്കേറ്റത്. ഔറിയയില്‍ പുലര്‍ച്ചെ 2.40 ഓടെയായിരുന്നു അപകടം.  റയില്‍വേ ട്രാക്കിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രാക്കിലെ അറ്റകുറ്റപ്പണിക്കായി സാധനങ്ങളുമായി എത്തിയതായിരുന്നു ടിപ്പര്‍.

ഈ അപകടം നടക്കുന്നതിന് നാലുദിവസം മുന്‍പ് ആഗസ്റ്റ് 19 ന് പുരി ഹരിദ്വാര്‍ -കലിംഗ ഉത്കല്‍ എകസ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 156 പേര്‍ക്കാണ് പരുക്കേറ്റത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ഖതൗലിയില്‍ വച്ച് ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു.

ഈ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിത്തല്‍ രാജിവെച്ചിരുന്നു. കൂടാതെ കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു രാജിസന്നദ്ധതയും അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി രാജി സന്നദ്ധത നിരസിച്ചു.

ഉത്തര്‍പ്രദേശിലെ രണ്ട് അപകടങ്ങളിലും റെയില്‍വേ അന്വേഷണം തുടരുന്നതിനിടെയാണ് മുംബൈയിലും ട്രെയിന്‍ പാളം തെറ്റിയ സംഭവം.

DONT MISS
Top