ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം; പൂവിളിയും പൂപാട്ടുകളുമായി മലയാളിക്ക് ഇനി ഓണനാളുകള്‍

ഫയല്‍ ചിത്രം

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. പൂവിളിയും പൂപാട്ടുകളുമായി മലയാളിക്ക് ഇനി ഓണനാളുകള്‍. ആഹ്‌ളാദത്തിന്റെയും സാഹോദര്യത്തിന്റെയും ദിനങ്ങള്‍. മലയാളികളുടെ ഗൃഹാങ്കണങ്ങളില്‍ ഇനി പൂക്കളത്തിന്റെ നിറച്ചാര്‍ത്തുണരും.

മാനുഷരെല്ലാം തുല്യരായിരുന്ന സമത്വ സുന്ദര ഭൂതകാലത്തിന്റെ ഓര്‍മകളെ തിരിച്ചുപിടിച്ചും പൂക്കളമൊരുക്കിയും, മാവേലിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. അത്തം പത്തോണമെന്നാണ് ചൊല്ല്. എന്നാല്‍ ഇത്തവണ അത്തം കഴിഞ്ഞ് പതിനൊന്നിനാണ് തിരുവോണം. പൂരാടം രണ്ടു ദിവസങ്ങളിലായത് കൊണ്ടാണിത്.

വീട്ടുമുറ്റത്ത് ഐശ്വര്യത്തിന്റെ പൂക്കളമൊരുക്കാന്‍ പണ്ടുകാലത്ത് തൊടികളിലും പറമ്പുകളിലും നടന്ന് കുട്ടികള്‍ പൂക്കള്‍ ശേഖരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂവിന് പോലും അന്യനാടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളികള്‍. അത്തം പിറന്നതോടെ സംസ്ഥാനത്ത് പൂ വിപണിയും സജീവമായി.

കൂടാതെ ഓണ വിപണി ലക്ഷ്യമിട്ട് വസ്ത്ര, ഗൃഹോപകരണ, ഇലക്ട്രോണിക്‌സ് വിപണിയും സജീവമായി. നിരവധി സമ്മാനങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഓണ വിപണി കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് കച്ചവടസ്ഥാപനങ്ങളും കമ്പനികളും.

ഓണത്തെ വരവേറ്റ് ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും. ഓണവുമായി ഏറെ ബന്ധമുള്ള തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിനും തുടക്കമാകും. തൃക്കാക്കരയില്‍ തിരുവോണ ദിവസമാണ് ഏറെ പ്രത്യേകതകളുള്ള ആറാട്ട് ഉത്സവം.

DONT MISS
Top