മഹാരാഷ്ട്രയില്‍ ഗര്‍ഭിണികള്‍ക്ക് ലിംഗ നിര്‍ണയ സ്‌കാനിംഗിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ഫയല്‍ ചിത്രം

മുംബൈ: ലിംഗനിര്‍ണയത്തിനായി ഗര്‍ഭിണികളുടെ സിടി സ്‌കാനിംഗിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിരവധി ആളുകള്‍ അതിര്‍ത്തി ഗ്രാമങ്ങളിലെത്തി സ്‌കാനിംഗ് നടത്തുന്നത് തടയാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ മഹാരാഷ്ട്ര സ്വദേശികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പോയി ലിംഗ നിര്‍ണയം നടത്തുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല.

മഹാരാഷ്ട്രയില്‍ ഒമ്പതോളം താലൂക്കുകളിലാണ് പെണ്‍കുട്ടികളുടെ കുറഞ്ഞ ജനന നിരക്ക് രേഖപ്പെടുത്തിയത്. മുംബൈയിലെ കണക്ക് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 946 പെണ്‍കുട്ടികള്‍ എന്നാണ്. സംസ്ഥാനത്തെ ശരാശരി ജനനനിരക്ക് 904 ആണ്. 1994ലെ പ്രീ നേറ്റള്‍ ഡയഗ്നോസ്റ്റിക് ടെക്‌നിക്‌സ് ആക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തത്. അയല്‍ സംസ്ഥാനങ്ങളുമായും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ 7600 ഓളം ലിംഗ നിര്‍ണയ കേന്ദ്രങ്ങളാണ് ഉള്ളത്. ലിംഗ നിര്‍ണയം നിയമ വിരുദ്ധമാണെങ്കിലും കേന്ദ്രങ്ങളില്‍ യഥേഷ്ടം നടക്കുന്നുണ്ട്. കൂടാതെ ഗര്‍ഭഛിദ്രത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടെന്നാണ് സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസകാലയളവില്‍ 30ഓളം ആളുകള്‍ക്കെതിരെയാണ് ഗര്‍ഭഛിദ്രം നടത്തിയതിന് പൊലീസ് കേസെടുത്തത്.

DONT MISS
Top