പാകിസ്താന്‍ ഭരണം ഭാര്യയെ ഏല്‍പ്പിക്കാന്‍ നവാസ് ഷെരീഫ്: ഉപതെരഞ്ഞെടുപ്പില്‍ കുല്‍സും നവാസ് മത്സരിക്കും

കുല്‍സും നവാസ്

ലാഹോര്‍: പാകിസ്താനില്‍ പ്രധാനമന്ത്രിപദം രാജിവയ്‌ക്കേണ്ടിവന്ന പിഎംഎല്‍ -എന്‍ നേതാവ് നവാസ് ഷെരീഫിന് പകരം അദ്ദേഹത്തിന്റെ ഭാര്യയെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് പാര്‍ലമെന്റിലേക്ക് ലാഹോര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നവാസ് ഷെരീഫിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി ഡോ. ആസിഫ് കര്‍മാനി വ്യക്തമാക്കി.

തൊണ്ടയില്‍ ബാധിച്ച ക്യാന്‍സര്‍ രോഗത്തിന് ഇപ്പോള്‍ ലണ്ടനില്‍ ചികിത്സ തേടുകയാണ് കുല്‍സും. സെപ്റ്റംബര്‍ 17നാണ് ലാഹോര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാകിസ്ഥാന്‍ ഭരണഘടന പ്രകാരം പാക് പാര്‍ലമെന്റായ ദേശീയ അസംബ്ലിയില്‍ അംഗമല്ലാത്ത ആള്‍ക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയില്ല. ഇതിനാലാണ് ലാഹോറില്‍ മത്സരിക്കാന്‍ തീരുമാനം. നവാസ് ഷെരീഫിന്റെ മണ്ഡലമാണ് ലാഹോര്‍. അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടിവന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പ്രധാനമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന നവാസ് ഷെരീഫിന് പകരമായി അദ്ദേഹത്തിന്റെ ഇളയസഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ് ലാഹോറില്‍ മത്സരിച്ച് പ്രധാനമന്ത്രിയാകുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്നാല്‍ തന്റെ ഭാര്യയെ തന്നെ മത്സരിപ്പിച്ച് പ്രധാനമന്ത്രിസ്ഥാനത്ത് എത്തിക്കാന്‍ നവാസ് ഷെരീഫ് തീരുമാനിക്കുകയായിരുന്നു.

ഷെരീഫ് രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്ന ഷാഹിദ് ഖാന്‍ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ അബ്ബാസി ചുമതലയില്‍ തുടരും.

പാനമ ഗേറ്റ് അഴിമതി കേസില്‍ സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് പാകിസ്താന്‍ മുസ്‌ലീം ലീഗ് – നവാസ് (പിഎംഎല്‍ -എന്‍) നേതാവ് നവാസ് ഷെരീഫിന് പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടിവന്നത്.

പ്രധാനമന്ത്രിയായുള്ള തന്റെ ആദ്യകാലഘട്ടത്തില്‍ അനധികൃത സ്വത്ത് ബന്ധുക്കളുടെ പേരില്‍ സമ്പാദിച്ചുവെന്നും ഇക്കാര്യത്തില്‍ പാകിസ്താന്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു കേസ്. പാക് സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് നവാസ് ഷെരീഫിനെ അയോഗ്യനാക്കുന്ന വിധി പ്രസ്താവിച്ചത്. സത്യസന്ധനായ പാര്‍ലമെന്റംഗമായിരിക്കാന്‍ നവാസ് ഷെരീഫിന് യോഗ്യതയില്ലെന്ന് അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ഖാന്‍ വിധി ന്യായത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഷെരീഫിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ഉടന്‍ സ്ഥാനം രാജിവയ്ക്കണമെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവാസ് ഷെരീഫ് രാജിവച്ചത്.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫും മൂന്നു മക്കളും ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ സംഭവത്തില്‍ ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ലോകത്തെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ബിനാമി ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന പാനമ രേഖകളിലുണ്ടായിരുന്ന പ്രധാനപേരുകളായിരുന്നു പാക് പ്രധാനമന്ത്രിയുടെ മക്കളുടേത്. എന്നാല്‍ തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.

ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷനേതാവ് ഇമ്രാന്‍ ഖാന്റെ ഭീഷണിയെത്തുടര്‍ന്നായിരുന്നു സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

DONT MISS
Top