താങ്കള്‍ ആരെ സന്തോഷിപ്പിക്കാനാണ് ഇങ്ങനെ പറയുന്നത്: മുത്തലാഖിനെതിരായ സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത മുഹമ്മദ് കൈഫിന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

ദില്ലി: സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളവരാണ് ഭൂരിഭാഗം സെലിബ്രൈറ്റികളും. കാലിക പ്രസക്തിയുള്ള വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയ മുഹമ്മദ് കൈഫാണ് ഇന്നത്തെ സോഷ്യല്‍ മീഡിയയുടെ ഇര. മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന സുപ്രിംകോടതിയുടെ വിധി സ്വാഗതം ചെയ്തുള്ള മുഹമ്മദ് കൈഫിന്റെ ട്വീറ്റാണ് അദ്ദേഹത്തെ മതമൗലികവാദികളുടെ രോഷത്തിന് പാത്രമാക്കിയത്.

മുത്തലാഖ് വിഷയത്തില്‍ ചരിത്രപരമായ വിധിയാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് പുറപ്പെടുവിപ്പിച്ചിരുന്നത്. മുത്തലാഖ് അസാധുവാണെന്നും നിയമവിരുദ്ധമാണെന്നുമാണ് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധി. സുപ്രിംകോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ വിധി കൊണ്ട് സാധിക്കുമെന്നുമായിരുന്നു മുഹമ്മദ് കൈഫിന്റെ ട്വീറ്റ്.

ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് ചിലര്‍ രംഗത്തെത്തിയത്. താങ്കള്‍ ആരെ സന്തോഷിപ്പിക്കാനാണ് ഇത്തരത്തില്‍ അഭിപ്രായം പറയുന്നതെന്നായിരുന്നു ചില ട്വീറ്റുകള്‍. മുത്തലാഖ് ഖുറാന് വിരുദ്ധമാണെങ്കില്‍ വന്ദേമാതരം ഖുറാന് വിരുദ്ധമാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഒരു മുസ്ലീമായിട്ടും ഇത്തരത്തില്‍ പ്രതികരിക്കരുതെന്നും ചിലര്‍ അഭിപ്രായം പറഞ്ഞു. മുസ്ലീം മതം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ഒരു മുസ്ലീമായിട്ടും താങ്കള്‍ക്ക് ഇത് അറിയില്ലെ എന്നുമായിരുന്നു മറ്റൊരു  പ്രതികരണം.

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് വിഷയത്തില്‍ ഇന്ന് വിധി പറഞ്ഞത്. ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് നയമവിരുദ്ധമെന്ന് വിധിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് പേര്‍ ഇതിനോട് വിയോജിച്ചു.

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, ആര്‍എഫ് നരിമാന്‍ എന്നിവര്‍ മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഇതിനോട് വിയോജിച്ചു. മുത്തലാഖ് ആറുമാസത്തേക്ക് നിരോധിക്കണമെന്നും ഇക്കാലയളവില്‍ ഇതുസംബന്ധിച്ച് പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിക്കാനാകില്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ഒരുമിച്ച് മൂന്ന് തലാക്ക് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ശരിയല്ലെന്നും ഇതിന് നിയമസാധുതയില്ലെന്നുമാണ് ഭൂരിപക്ഷ വിധിയില്‍ പറയുന്നത്. ഇത് അസാധുവും നിയമവിരുദ്ധവുമാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഈ വിധി ഏതെങ്കിലും വിധത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിച്ചോയെന്നാണ് ന്യൂസ് നൈറ്റ് ഇന്ന് പരിശോധിക്കുന്നത്.

DONT MISS
Top