എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് പ്രോസിക്യൂഷന്‍


തിരുവനന്തപുരം: അയല്‍ക്കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കോവളം എംഎല്‍എ എം വിന്‍സെന്റിന് ഉപാധികളോടെ ജാമ്യം നല്‍കുന്നതില്‍ വിരോധമില്ലെന്ന് പ്രോസിക്യൂഷന്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രോസിക്യൂഷന്‍ ഈ നിലപാട് അറിയിച്ചിരിക്കുന്നത്. വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം 24 ന് വിധി പറയും. നേരത്തെ ഒരു തവണ സെഷന്‍സ് കോടതി വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നാണ് ജാമ്യം അനുവദിക്കുന്നെങ്കില്‍ അത് കര്‍ശന ഉപാധികളോടെ ആയിരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

ലൈംഗികമായി പീഡിപ്പിച്ചെന്ന അയല്‍ക്കാരിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ജൂലൈ മാസം 22 നാണ് വിന്‍സെന്റ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളി. തുടര്‍ന്ന് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റ് ഏഴിന് അതും തള്ളിയിരുന്നു.

2016 സെപ്തംബര്‍ 16 ന് രാത്രി എട്ട് മണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍ അതിക്രമിച്ച് കയറി തന്നെ പീഡിപ്പിച്ചെന്നാണ് വീട്ടമ്മ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണില്‍ നിരന്തരം വിളിച്ച് ശല്യം ചെയ്‌തെന്നും വിലക്കിയിട്ടും ഇത് തുടര്‍ന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

DONT MISS
Top