മുത്തലാഖ് അസാധുവും നിയമവിരുദ്ധവുമെന്ന് സുപ്രിം കോടതി

സുപ്രീം കോടതി

ദില്ലി: മുസ്‌ലിം വിവാഹമോചന രീതിയായ മുത്തലാഖ് അസാധുവും നിയമവിരുദ്ധവുമെന്ന് സുപ്രിം കോടതി. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് പേര്‍ ഇതിനോട് വിയോജിച്ചു.

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, ആര്‍എഫ് നരിമാന്‍ എന്നിവര്‍ മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഇതിനോട് വിയോജിച്ചു. മുത്തലാഖ് ആറുമാസത്തേക്ക് നിരോധിക്കണമെന്നും ഇക്കാലയളവില്‍ ഇതുസംബന്ധിച്ച് പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മുത്തലാഖ് നിയമവിരുദ്ധമെന്ന് വിധിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് അബ്ദുള്‍ നസീറും അഭിപ്രായപ്പെട്ടു. മുത്തലാഖ് മുസ് ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

ഖുറാന്‍ അംഗീകരിക്കാത്ത കാര്യങ്ങള്‍ക്ക് ഭരണഘടനയുടെ പരിരക്ഷ ലഭിക്കില്ലെന്ന് ഭൂരിപക്ഷ വിധിയില്‍ പറയുന്നു. മുസ് ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചിട്ടും ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ എന്തുകൊണ്ട് മുത്തലാഖ് നിരോധിച്ചുകൂടെന്ന് വിധിയില്‍ ചോദിക്കുന്നു.

ഇസ്‌ലാമിക് നിയമത്തിന്റെ മുഖ്യഅടിസ്ഥാനം ഖുര്‍ആനാണ്. അതിനാല്‍ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നതിന് മുകളിലല്ല മറ്റൊന്നും. വിവാഹത്തിന് സ്ഥിരത വേണമെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കുന്നുണ്ട്. തലാഖിന് മുന്‍പ് അനുയോജ്യമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും പറയുന്നു. മുത്തലാഖ് ഖുര്‍ആന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്, അതിനാല്‍ ശരീയത്തിന് എതിരാണ്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ മുത്തലാഖ് പാടുള്ളൂവെന്ന് ഷാമിമാരയില്‍ പറയുന്നു. മുത്തലാഖ് ശരീയത്തിന്റെ ഭാഗമല്ല അതിനാല്‍ അത് വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തോട് യോജിക്കുന്നില്ല. മതസ്വാതന്ത്ര്യം അനിവാര്യമാണ്, അക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിനെ അനുകൂലിക്കുന്നു. എന്നിരുന്നാലും മുത്തലാഖ് മതത്തിന്റെ ഭാഗമാണെന്നതിനോട് വിയോജിക്കുന്നു. കാരണം 1937 ലെ നിയമപ്രകാരം ഖുര്‍ആനില്‍ നിന്നും വ്യതിചലിച്ചുള്ള കാര്യങ്ങള്‍ക്ക് സാധുതയില്ല. ദൈവവിശ്വാസത്തില്‍ തെറ്റെന്ന് പറയുന്ന കാര്യം നിയമത്തിന് മുന്നിലും തെറ്റാണ്. ഖുര്‍ആനില്‍ ശരിയല്ലെന്ന് പറയുന്ന കാര്യം ശരീയത്തിലും ശരിയല്ല. വിധി പ്രസ്താവനം നടത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

മുത്തലാഖ് സംബന്ധിച്ച വിധിപ്രസ്താവത്തില്‍ അഞ്ചംഗ ബെഞ്ചില്‍ അഭിപ്രായ സമന്വയം ഉണ്ടായില്ല. മുത്തലാഖിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികളിലായിരുന്നു കോടതി വാദം കേട്ടതും വിധി പറഞ്ഞതും. മുത്തലാഖ് സംബന്ധിച്ച വിധിപ്രസ്താവത്തില്‍ അഞ്ചംഗ ബെഞ്ചില്‍ അഭിപ്രായ സമന്വയം ഉണ്ടായില്ല. ആറുമാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഈ ആറുമാസത്തിനകം പാര്‍ലമെന്റ് പുതിയ നിയമനിര്‍മാണം നടത്തണം. ഇതുണ്ടായില്ലെങ്കില്‍ നിരോധനം വീണ്ടും തുടരുമെന്നും കോടതി വ്യക്തമാക്കി.

പതിനഞ്ച് വര്‍ഷം നീണ്ട വിവാഹ ജീവതം മുത്തലാഖിലൂടെ വേര്‍പെടുത്തപ്പെട്ട സൈറാബാനു, കത്തുവഴി മൊഴിചൊല്ലപ്പെട്ട അഫ്രിന്‍ റഹ്മാന്‍, മുദ്രപത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട ഇഷ്‌റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നീ സ്ത്രീകളാണ് മുത്തലാഖിന്റെ നിയമസാധുതയും ഭരണഘടനാ സാധുതയും ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചത്.

മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും ജമാ അത്തെ ഇസ്‌ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കക്ഷി ചേര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരും കേസില്‍ കക്ഷിയാണ്.

DONT MISS
Top