ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം; പ്രതീക്ഷയോടെ സിന്ധു, സൈന, ശ്രീകാന്ത്

ഫയല്‍ ചിത്രം

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം. 21 അംഗ ഇന്ത്യന്‍ ടീമാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. രണ്ടു തവണ വെങ്കല മെഡല്‍ നേടിയ പി വി സിന്ധു, മികച്ച ഫോം തുടരുന്ന കെ ശ്രീകാന്ത്, സൈന നേഹ്‌വാള്‍ എന്നിവരിലാണ് ഇന്ത്യന്‍ പ്രതീക്ഷ.

ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യയ്ക്ക് സ്വര്‍ണം നേടാനായിട്ടില്ല. ഇക്കുറി ചരിത്രം തിരുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. 2013,14 വര്‍ഷങ്ങളിലെ ലോക ചാമ്പ്യന്‍ഷിപ്പിലാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്. 2016 ലെ ചൈന ഓപ്പണിലും ഈ വര്‍ഷം ഇന്ത്യ ഓപ്പണിലും കിരീടം നേടിയ സിന്ധു ഇക്കുറി സ്വര്‍ണം നേടുമെന്നാണ് ആരാധകരുടെ വിശ്വാസം.

2015 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സൈന നേഹ്‌വാള്‍ ഇക്കുറി മികച്ച പ്രകടനത്തിനാണ് തയ്യാറെടുക്കുന്നത്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സൈന ശാരീരികക്ഷമത വീണ്ടെടുത്തിട്ടുണ്ട്്. ആദ്യ റൗണ്ടില്‍ സൈനയ്ക്കും സിന്ധുവിനും ബൈ ലഭിച്ചു.

ഇന്തോനേഷ്യയിലും ഓസ്‌ട്രേലിയയിലും തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ ശ്രീകാന്തിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ വിജയം നേടിയാണ് ശ്രീകാന്ത് ലോക ചാമ്പ്യന്‍ഷിപ്പിനെത്തുന്നത്.

തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാവും, ലോക പതിനഞ്ചാം നമ്പറുമായ സായ് പ്രണീത്, സമീര്‍ വര്‍മ, അജയ് ജയറാം തുടങ്ങിയവരും ഇന്ത്യന്‍ ടീമിലുണ്ട്. പ്രണീത് ആദ്യ റൗണ്ടില്‍ ഹോങ്കോങ്ങിന്റെ വീ നാനെയും അജയ് ജയറാം ഓസ്ട്രിയയുടെ ലുക്കാ വ്രാബറെയും എതിരിടും.

ഇതാദ്യമായി ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന സമീര്‍ വര്‍മ ആദ്യ മത്സരത്തില്‍ സ്‌പെയിനിന്റെ പാബ്‌ളോ എബിയനെ നേരിടും. ഡബിള്‍സില്‍ സുമിത്, അശ്വിനി പൊന്നപ്പ, പ്രണവ് ജെറി ചോപ്ര, സിക്കി റെഡ്ഡി എന്നിവരാണ് പ്രധാന താരങ്ങള്‍.

DONT MISS
Top