സച്ചിന്റെ റണ്‍മല അത്ര ഭദ്രമല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ ക്രിക്കറ്റ് ദൈവത്തിന് ഭീഷണിയായി ഇംഗ്ലീഷ് താരം തൊട്ടരികെ

ലണ്ടന്‍: റെക്കോര്‍ഡുകളുട തോഴനാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുകള്‍ കുറിച്ചതിന്റെ റെക്കോര്‍ഡ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലാണ്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സും സെഞ്ച്വറികളും സച്ചിന്റെ പേരിലാണ്.

സച്ചിന്റെ റെക്കോര്‍ഡുകള്‍ അക്ഷതമായി നിലനില്‍ക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ ആ വിലയിരുത്തലിന് ചിലപ്പോള്‍ മാറ്റം സംഭവിച്ചേക്കാം എന്നാണ് സൂചന. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് എന്ന നേട്ടം സച്ചിനെ വിട്ടകലാനാണ് സാധ്യത. ആ റെക്കോര്‍ഡിന് ഭീഷണി ഉയര്‍ത്തുന്നതോ ഒരു ഇംഗ്ലീഷ് താരവും. അലിസ്റ്റര്‍ കുക്ക് എന്ന ഇടംകൈയന്‍.

കേള്‍ക്കുന്നവര്‍ക്ക് ഒരുപക്ഷെ അത്ഭുതമായി തോന്നാം. എന്നാല്‍ സത്യം അതാണ്… കണക്കുകള്‍ നിരത്തുന്ന സത്യം. 200 ടെസ്റ്റുകളില്‍ നിന്നായി 53.78 ശരാശരിയില്‍ 15,921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഈ റണ്‍മല ആര് താണ്ടും എന്നതായിരുന്നു സച്ചിന്‍ വിരമിച്ചപ്പോള്‍ ഉയര്‍ന്ന ചോദ്യം. ആരും ഇല്ലെന്ന് ഉത്തരങ്ങളും വന്നു. എന്നാല്‍ പിന്നീട് സംശയത്തോടെയെങ്കിലും ഒരു പേര് ഉയര്‍ന്ന് വന്നിരുന്നു. അത് കുക്കിന്റേതായിരുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ 10,000, 11,000 റണ്‍സുകള്‍ തികച്ചതോടെയാണ് കുക്കിന്റെ പേര് ഉയര്‍ന്നുവന്നത്. സച്ചിനെയാണ് കുക്ക് ഇവിടെ മറികടന്നത്.

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ് കുക്കും ടീമും. പരമ്പരയിലെ ആദ്യമത്സരം ഡേനൈറ്റാണ്. ഇതില്‍ ഇരട്ട സെഞ്ച്വറിയാണ് കുക്ക് അടിച്ചെടുത്തത്. ഡേനൈറ്റ് ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം താരം. ഇതോടെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായും കുക്ക് മാറി.

ഇതുവരെ 145 ടെസ്റ്റുകളാണ് കുക്ക് കളിച്ചിരിക്കുന്നത്. 46.03 ശരാശരിയില്‍ 11,568 റണ്‍സ് നേടിക്കഴിഞ്ഞു 32കാരനായ കുക്ക്. 31 സെഞ്ച്വറികളും 55 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണിത്. സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വേണ്ടത് 4,301 റണ്‍സ്. അത് അസംഭവ്യമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കുക്ക് ഓരോവര്‍ഷവും ശരാശരി 13.6 ടെസ്റ്റുകളാണ് കളിച്ചത്. ഓരോവര്‍ഷവും ശരാശരി 1000 റണ്‍സും സ്വന്തമാക്കി. ഒരു ആറ് വര്‍ഷം കൂടി കുക്ക് കളത്തില്‍ തുടരുകയും ഒരു വര്‍ഷം ശരാശരി 10 ടെസ്റ്റ് വീതം കളിക്കുകയും ചെയ്താല്‍ കണക്കുകള്‍ കുക്കിന് അനുകൂലമാകും. റണ്‍മലയും 200 ടെസ്റ്റുകളെന്ന നേട്ടവും ഒരു പക്ഷെ തകര്‍ന്ന് വീഴാം. ആറ് വര്‍ഷം കളിക്കളത്തില്‍ തുടരാനാകുമോ എന്ന ചോദ്യം ഉയരാം. അതിനുള്ള സാധ്യതയും തള്ളക്കളയാനാകില്ല. കാരണം നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ നിന്ന് കുക്ക് വിരമിച്ച് കഴിഞ്ഞു. ടെസ്റ്റില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതല്‍ പരുക്ക് പിടികൂടാതിരിക്കുകയും ഫോം നിലനിര്‍ത്താന്‍ കഴിയുകയും ചെയ്താല്‍ സമ്മോഹന നേട്ടം കുക്കിന് സ്വന്തമാക്കാം.

DONT MISS
Top