ദിലീപിനെ കുടുക്കിയത് എഡിജിപി ബി സന്ധ്യ: രൂക്ഷവിമര്‍ശനങ്ങളുമായി പിസി ജോര്‍ജ്ജ്

ഇടുക്കി: എഡിജിപി ബി സന്ധ്യയ്ക്കും വനിതാ കമ്മീഷനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ എഡിജിപി ബി സന്ധ്യയാണെന്ന് ജോര്‍ജ്ജ് ആരോപിച്ചു. തന്നെ ചോദ്യം ചെയ്യാന്‍ വനിതാ കമ്മീഷന് അധികാരമില്ലെന്നും ചോദ്യം ചെയ്യാന്‍ വന്നാല്‍ താടിയ്ക്ക് തട്ടുകിട്ടുമെന്നും ജോര്‍ജ്ജ് ആഞ്ഞടിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ജോര്‍ജ്ജ്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജോര്‍ജ്ജിന്റെ ഇന്നത്തെ പരാമര്‍ശങ്ങളും. ദിലീപിനും ഒരു അമ്മയും ഭാര്യയും മകളും ഉണ്ടെന്ന് ഇരയായ നടിയുടെ അമ്മ ഓര്‍ക്കണം.

തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലും ദിലീപിനെ കുടുക്കിയ സംഭവത്തിലും ബി സന്ധ്യയ്ക്ക് പങ്കുണ്ട്. ഈ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതും. തന്നെ ചോദ്യം ചെയ്യാന്‍ ഒരു വനിതാ കമ്മീഷനും അധികാരമില്ല. ചോദ്യം ചെയ്യാന്‍ വന്നാല്‍ താടയ്ക്ക് തട്ടുകൊടുക്കും. പിസി ജോര്‍ജ്ജ് പറഞ്ഞു.

ആക്രമണത്തിന് ഇരയായ നടിക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജ്ജിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കമ്മീഷന്റെ ഈ നടപടിയാണ് ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. നേരത്തെ നിരവധി തവണ കമ്മീഷനേയും കമ്മീഷന്‍ അധ്യക്ഷയേയും രൂക്ഷമായ ഭാഷയില്‍ ജോര്‍ജ്ജ് വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ കമ്മീഷന് തന്നെ ഒരുചുക്കും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജോര്‍ജ്ജ്.

ജോര്‍ജ്ജിന്റെ ഇത്തരം പരസ്യമായ പരാമര്‍ശങ്ങളെ കഴിഞ്ഞ ദിവസം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. ജോര്‍ജ്ജ് എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും ജോര്‍ജ്ജിനെതിരെ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ഇതിനെ തുടര്‍ന്ന് സ്പീക്കര്‍ക്കെതിരെയും ജോര്‍ജ്ജ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.

DONT MISS
Top