ഇനി ഫോണ്‍ സംഭാഷണങ്ങളില്‍ തടസ്സം നേരിടില്ല; തടസ്സം നേരിട്ടാല്‍ അഞ്ച് ലക്ഷം വരെ പിഴ

ദില്ലി: സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ കട്ടാകുന്നത് എല്ലാവരെയും ദേഷ്യപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന കാര്യമാണ്. സര്‍വ്വീസ് സെന്ററുകളില്‍ വിളിച്ച് പരാതിപ്പെട്ടാലും പലപ്പോഴും ഉചിതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ലഭിക്കാറില്ല. എന്നാല്‍ ഇനി മുതല്‍ ഇങ്ങനെ ഫോണ്‍ മുറി വിളി മുറിയില്ലെന്ന് തന്നെ ഉറപ്പിക്കാം. അതായത് ആവര്‍ത്തിച്ച് ഫോണ്‍ വിളി മുറിയുകയും സംസാരിക്കാന്‍ തടസ്സം നേരിടുകയും ചെയ്യുകയാണെങ്കില്‍ അതത് ടെലികോം കമ്പനികള്‍ അഞ്ച് ലക്ഷത്തില്‍ കുറയാത്ത തുക പിഴയടക്കേണ്ടി വരും.

ഫോണ്‍വിളി മുറിയലിനെതിരെ കര്‍ശന നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് രംഗത്തെത്തിയിരിക്കുന്നത്. ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രായ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുന്നത്. ഫോണ്‍ വിളി മുറിയല്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ മാത്രമായിരുന്നു നേരത്തെ പിഴ. എന്നാല്‍ ഇനി മുതല്‍ ഫോണ്‍വിളി മുറിയലിന്റെ തോതനുസരിച്ചായിരിക്കും പിഴ നിശ്ചയിക്കുക.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ടെലികോം കമ്പനികള്‍ക്കെതിരെ അഞ്ച് ലക്ഷത്തില്‍ കുറയാത്ത പിഴ ചുമത്തുമെന്ന് ട്രായ് വ്യക്തമാക്കിക്കഴിഞ്ഞു. ഫോണ്‍ സംഭാഷണങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘനേരം തടസ്സം നേരിട്ടാല്‍ പിഴ ഇരട്ടിയാകും. പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും.

അതേസമയം സേവനങ്ങളുടെ ഗുണനിലവാരം പൂര്‍ണമായും കമ്പനികളുടെ നിയന്ത്രണത്തില്‍ അല്ലെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചു. ഫോണ്‍ സംഭാഷണങ്ങളില്‍ തടസ്സം നേരിടുന്നതും ഫോണ്‍ വിളി മുറിയുന്നതും കമ്പനികളുടെ മാത്രം കുറ്റമല്ല. കാലാവസ്ഥ വ്യതിയാനങ്ങളും മറ്റ് കാരണങ്ങളും സേവനങ്ങളുടെ ഗുണ നിലവാരത്തെ ദോഷകരമായി ബാധിച്ചേക്കാം. എന്നാല്‍ ട്രായ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് അസോസിയേഷന്‍ ഉറപ്പ് നല്‍കി. കാര്യക്ഷമത ഉറപ്പ് വരുത്താന്‍ ഇത്തരം നീക്കങ്ങള്‍ കൊണ്ട് സാധിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

DONT MISS
Top