ഓര്‍മ്മയില്‍ മനുഷ്യനെക്കാള്‍ മുന്നിലെന്ന് തെളിയിച്ച്‌ സിംഹം; ജീവന്‍ രക്ഷിച്ചയാളോട് സ്‌നേഹം പ്രകടിപ്പിക്കുന്ന സിംഹത്തിന്റെ വീഡിയോ വൈറലാകുന്നു

ചിന്തിക്കാനുള്ള കഴിവും ഓര്‍മ്മശക്തിയുമൊക്കെയാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. എന്നാല്‍ ഓര്‍മ്മയില്‍ മാത്രമല്ല സ്‌നേഹത്തിന്റെയും നന്ദിയുടേയും കാര്യത്തിലും മൃഗങ്ങള്‍ മനുഷ്യനെക്കാള്‍ മുന്നിലാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് സൗത്ത് ആഫ്രിക്കയില്‍ നിന്നുമെത്തുന്നത്. മൃഗരാജനായ സിംഹം തന്നെയാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്.

കെവിന്‍ റിച്ചാര്‍ഡ്‌സിനാണ് സിംഹത്തിന്റെ സ്‌നേഹവും നന്ദിയും അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചത്. കാട്ടിലെ വെള്ളത്തില്‍ കിടക്കുന്ന കെവിന്റെ നേര്‍ക്ക് കുതിച്ചുവരുന്ന സിംഹത്തെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ആക്രമിക്കാനെന്ന പോലെ അടുത്തെത്തിയ സിംഹം പിന്നെ കെവിനെ കെട്ടിപ്പിടിച്ചും നക്കിയുമൊക്കെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

സിംഹത്തിന്റെ സ്‌നേഹം കെവിനെയും അമ്പരപ്പിച്ചു. അതേസമയം ചെറുതായിരുന്നപ്പോള്‍ ഇതേ സിംഹത്തെ താന്‍ ഒരിക്കല്‍ രക്ഷപ്പെടുത്തിയിരുന്നതായി കെവിന്‍ പറഞ്ഞു. അന്ന് അമ്മ സിംഹം ഉപേക്ഷിച്ചപ്പോള്‍ ഈ സിംഹത്തെയും അതിന്റെ കൂടപ്പിറപ്പിനെയും താനാണ് രക്ഷിച്ചതെന്നും പിന്നീട് കൂട്ടിലിട്ട് വളര്‍ത്താതെ സ്വാഭാവികമായ അന്തരീക്ഷത്തില്‍ അതിനെ വളരാനനുവദിച്ചുവെന്നും കെവിന്‍ പറഞ്ഞു. വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ മറ്റ് മൃഗങ്ങള്‍ക്കൊപ്പം ഇവയെ താമസിപ്പിക്കുകയായിരുന്നു.

സിംഹക്കുട്ടികള്‍ക്ക് ആമിയെന്നും മെഗ് എന്നും പേര് വിളിക്കുകയും ചെയ്തു. ഇപ്പോള്‍ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മെഗിനെ കാണുന്നത്. പക്ഷേ മെഗ് തന്നെ തിരിച്ചറിഞ്ഞുവെന്ന് കെവിന്‍ അത്ഭുതത്തോടെ പറയുന്നു. കുഞ്ഞായിരുന്നപ്പോള്‍ തന്നെ രക്ഷിച്ചതോര്‍ത്ത് സിംഹം തന്റെ സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുകയായിരുന്നു.

DONT MISS
Top