‘അഭിയുടെ കഥ അനുവിന്റെയും’ -ടോവിനോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അഭിയുടെ കഥ അനുവിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ടോവിനോ തോമസിന്റെയും പിയ ബാജ്പയിയുടെയും പുതിയ ചിത്രമായ അഭിയുടെ കഥ അനുവിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരേ സമയം മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നിര്‍മ്മാതാക്കളാണ് ഇന്നലെ പുറത്തുവിട്ടത്. അഭിയും അനുവും എന്നാണ് തിമിഴില്‍ ചിത്രത്തിന്റെ പേര്. പ്രശസ്ത ഛായാഗ്രാഹകയായ ബിആര്‍ വിജയലക്ഷ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാറ്റിനമേരിക്കയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. ഉദയഭാനു മഹേശ്വരനാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. പ്രഭു, സുഹാസിനി മണിരത്‌നം, രോഹിണി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിന്റെയും ചെന്നൈയുടെയും വിവിധഭാഗങ്ങില്‍ ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. യൂഡില്‍ഡി ഫിലിംസിന്റെ ബാനറില്‍ ഛായാഗ്രാഹകനായ സന്തോഷ് ശിവനാണ് സിനിമയുടെ നിര്‍മ്മാണം. സെപ്റ്റംബര്‍ 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഗപ്പി, ഒരു മെക്‌സിക്കന്‍ അപാരത, ഗോദ എന്നീ സിനിമകള്‍ക്കുശേഷം ടോവിനോ നായകനായി എത്തുന്ന ചിത്രമാണ് ‘അഭിയുടെ കഥ അനുവിന്റെയും’. ഇരുഭാഷാ ചിത്രമായതിനാല്‍ ആരാധകര്‍ ഏറെ കൗതുകത്തോടെയാണ്  സിനിമയ്ക്കായി കാത്തിരിക്കുന്നത്. ഏഷ്യയിലെ തന്നെ ആദ്യ ചലചിത്ര ഛായാഗ്രാഹകയായ ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇതിനുമുന്‍പ് ഡാഡി എന്ന സിനിമയുടെ തിരക്കഥയും പട്ടുപാവാട എന്ന സിനിമയുടെ തിരക്കഥയും സംവിധാനവും വിജയലക്ഷ്മി നിര്‍വഹിച്ചിരുന്നു. തെന്നിന്ത്യന്‍ നടിയായ പിയ ബാജ്പയിയുടെ മലയാളത്തിലുള്ള മൂന്നാമത്തെ ചിത്രമാണിത്.  മാസ്റ്റേഴ്സ്, ആമയും മുയലും എന്നിവയാണ് പിയ അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.

DONT MISS
Top