പിസി ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഃഖവും അമര്‍ഷവുമെന്ന് ആക്രമിക്കപ്പെട്ട നടി വനിതാ കമ്മീഷനോട്

പിസി ജോര്‍ജ്, എംസി ജോസഫൈന്‍

കൊച്ചി: തനിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനവകളില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. വനിതാകമ്മീഷനില്‍ നല്‍കിയ മൊഴിയിലാണ് നടി ജോര്‍ജിനെതിരേ പരാതി അറിയിച്ചത്.

ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇങ്ങനെയുള്ള പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ല. തനിക്കെതിരെ തുടര്‍ച്ചയായുള്ള പ്രസ്താവനകള്‍ വേദനിപ്പിക്കുന്നതാണ്. മറ്റൊരു സ്ത്രീക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുതെന്നും നടി മൊഴി നല്‍കി. നടിയുടെ വീട്ടിലെത്തിയാണ് വനിതാ കമ്മീന്‍ അധ്യക്ഷ എംസി ജോസഫൈന്‍ മൊഴി രേഖപ്പെടുത്തിയത്. പിസി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ നടി നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

നടിക്കെതിരെ പിസി ജോര്‍ജ് തുടര്‍ച്ചയായി അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന മോശം പ്രചാരണത്തിനെതിരായ പരാതിയിലും നടിയില്‍ നിന്നും കമ്മീഷന്‍ മൊഴി രേഖപ്പെടുത്തി.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിര്‍ശിക്കുകയാണ് ജോര്‍ജ് ചെയ്തത്. കമ്മീഷന് തന്നെ തൂക്കിക്കൊല്ലാനാകില്ലെന്നും സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്നുമായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

എന്നാല്‍ ജോര്‍ജിന്റെ വിരട്ടല്‍ തങ്ങളോട് വേണ്ടന്ന് കമ്മീഷനും തിരിച്ചടിച്ചു.വനിതാ കമ്മീഷനും അധ്യക്ഷ എംസി ജോസഫൈനുമെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. കൊച്ചിക്കാരിയായ ജോസഫൈന്‍ പുതുവൈപ്പിനില്‍ സമരം നടത്തുന്ന വീട്ടമ്മമാരെ കാണുന്നില്ലെയെന്നും ജോര്‍ജ് ചോദിച്ചിരുന്നു. ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം കമ്മീഷന്‍ സ്പീക്കറേയും അറിയിച്ചിരുന്നു.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ജോര്‍ജിനെതിരേ പ്രതികരണം നടത്തിയിരുന്നു.

DONT MISS
Top