സംസ്ഥാനത്ത് ബ്ലൂ വെയില്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ലോക്‌നാഥ് ബെഹ്‌റ (ഫയല്‍ ചിത്രം)

തിരുവനന്തപുരം; സംസ്ഥാനത്ത് ബ്ലൂ വെയില്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ച് പരാതികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. സാമൂഹിക തലങ്ങളിലും അന്വേഷിക്കേണ്ട വിഷയമാണ്. ബ്ലൂ വെയില്‍ ഒരു ഗെയിമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഡിജിപി. പറഞ്ഞു.

ബ്ലൂവെയില്‍ മരണം കേരളത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം നേരത്തേ പറഞ്ഞിരുന്നു.. ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കഴിഞ്ഞ അഞ്ചുമാസമായി കേരള പൊലീസ് ഇക്കാര്യം നിരീക്ഷിച്ച് വരുകയണെന്നും ഐജി പറഞ്ഞിരുന്നു. ബ്ലൂ വെയില്‍ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

മകന്‍ ആത്മഹത്യ ചെയ്തത് ബ്ലൂ വെയില്‍ ഗെയിം മൂലമാണെന്ന് വെളിപ്പെടുത്തി തിരുവനന്തപുരം സ്വദേശി മനോജിന്റെ അമ്മ രംഗത്തെത്തിയിരുന്നു. ബ്ലൂ വെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മകന്‍ തന്നോട് വ്യക്തമാക്കിയതായും അമ്മ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന് ശേഷം കണ്ണൂരില്‍ നിന്നും ഇത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊളശ്ശേരി സ്വദേശിയായ സാവന്ത് ആത്മഹത്യ ചെയ്തത് ബ്ലു വെയില്‍ മൂലമെന്ന് വ്യക്തമാക്കി സാവന്തിന്റെ മാതാപിതാക്കളാണ് രംഗത്തെത്തിയത്. മെയ്മാസം ആത്മഹത്യ ചെയ്ത സാവന്തില്‍ അവസാന കാലത്ത് വളരെയേറെ മാറ്റം പ്രകടമായിരുന്നുവെന്ന് സാവന്തിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു. പ്രണയ നൈരാശ്യമാണ് സാവന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം.

DONT MISS
Top