അതിരപ്പിള്ളി പദ്ധതി പരിസ്ഥിതിക്ക് നാശം; പദ്ധതിക്കെതിരെ സമരം ശക്തമാക്കുമെന്ന് എഐവൈഎഫ്

അതിരപ്പിള്ളി പദ്ധതി പ്രദേശം (ഫയല്‍ ചിത്രം)

തിരുവനന്തപുരം: പരിസ്ഥിതിക്ക് വിനാശകരമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എഐവൈഎഫ്. പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ആര്‍ സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ പറഞ്ഞു.

അതിരപ്പള്ളിയുടെ സമ്പന്നമായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തകര്‍ക്കുന്ന പദ്ധതിയാണിത്. പാരിസ്ഥിതികമായും സാമ്പത്തികമായും ഗുണകരമല്ലാത്ത പദ്ധതിക്കു വേണ്ടി വാദിക്കുന്നവര്‍ പരിസ്ഥിതി സൗഹൃദ വികസനമെന്ന ഇടത് പക്ഷക്കാഴ്ചപ്പാട് മറന്നു പോകരുതെന്നും എഐവൈഎഫ് പറയുന്നു.

സാമൂഹിക നീതിയില്‍ ഊന്നിയതും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്തുന്നതുമായ സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയാണ് വികസനം. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപെടുന്നതു മാത്രമല്ല പദ്ധതി കൊണ്ടുള്ള ദോഷം. ജൈവവൈവിദ്ധ്യ സമ്പന്നമായ 22 ഏക്കര്‍ പുഴയോര കാടുകള്‍ അടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാകും.പുഴയോര കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വ്വ ഇനം വംശനാശ ഭീഷണി നേരിടുന്ന അനേകം ജന്തുസസ്യ വൈവിദ്യസമ്പത്ത് നമുക്ക് എന്നെന്നേക്കുമായി നഷ്ടമാകും. വസ്തുതകളുടേയോ ശാസ്ത്രീയ പഠനങ്ങളുടേയോ പിന്‍ബലമില്ലാതെയാണ് പദ്ധതിക്കു വേണ്ടി വാദിക്കുന്നത്. ജനവികാരം മാനിക്കാതെ ബാലിശമായ പിടിവാശിയുടെ പേരില്‍ അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് അറിയിച്ചു.

DONT MISS
Top