ഹിസ്ബുള്‍ മുജാഹിദ്ദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു

സയിദ് സലാഹുദ്ദീന്‍

വാഷിങ്ടണ്‍: കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് ട്രഷറി വിഭാഗം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദീനെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയിദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ട് മാസം പിന്നുടുമ്പോഴാണ് അടുത്ത തീരുമാനമെത്തുന്നത്. ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കില്‍ അത് തടയുമെന്നും ട്രഷറി വിഭാഗം വ്യക്തമാക്കി.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പുതിയ പട്ടികയിലായിരുന്നു സയിദ് സലാഹുദ്ദീനെ ആഗോള ഭീകരനായി ഉള്‍പ്പെടുത്തിയിരുന്നത്.

ഇതിന് പിന്നാലെ സയിദിനെ പിന്തുണച്ച് പാകിസ്താന്‍ രംഗത്തെത്തിയിരുന്നു. സലാഹുദീന്‍ ഭീകരനല്ലെന്നും സ്വാതന്ത്ര്യ സമര പോരാളിയാണെന്നുമായിരുന്നു പാകിസ്താന്റെ നിലപാട്.

DONT MISS
Top