പ്രസവത്തെക്കുറിച്ചോര്‍ത്ത് എനിക്ക് ഭയമുണ്ട്; വേദന ലഘൂകരിക്കാന്‍ മരുന്നുപയോഗിക്കുമെന്ന് സെറീന വില്ല്യംസ്

പ്രസവ വേദന ലഘൂകരിക്കാന്‍ മരുന്നുപയോഗിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് കളിക്കളത്തിലെ റാണി സെറീന വില്ല്യംസ്. ‘പ്രസവത്തെക്കുറിച്ചോര്‍ത്ത് എനിക്ക് ഭയമുണ്ട്. ഒരുപാട് ആളുകള്‍ എപിഡ്യൂറല്‍ ഉപയോഗത്തെ എതിര്‍ക്കുന്നതായി എനിക്കറിയാം. പക്ഷേ വേദന ഒഴിവാക്കാന്‍ ഇങ്ങനെയൊരു മാര്‍ഗമുള്ളപ്പോള്‍ വേദന അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ സെറീന പറയുന്നു.

ഇതിനു മുന്‍പ് ഒരുപാട് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്നും ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടെന്നും സെറീന പറഞ്ഞു. അതിനാല്‍ത്തന്നെ പ്രസവ വേദന ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. അതേ സമയം താന്‍ ഇതുവരെ ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ മാനസികമായി ഒരുങ്ങിയിട്ടില്ലെന്നും സെറീന പറഞ്ഞു. ‘ഒരു ബേബി പേഴ്‌സണാണെന്ന് ഞാനിതുവരെ ചിന്തിക്കാന്‍ തുടങ്ങിയിട്ടില്ല. അക്കാര്യത്തില്‍ എനിക്കിനിയും പ്രയത്‌നിക്കേണ്ടിയിരിക്കുന്നു. എപ്പോഴും സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുന്നതായിരുന്നു എന്റെ ശീലം. എന്റെ ആരോഗ്യം, എന്റെ ശരീരം, എന്റെ കരിയര്‍ അങ്ങനെ എല്ലായ്‌പ്പോഴും എന്നെക്കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിച്ചിരുന്നത്.’ സെറീന മനസ്സ് തുറക്കുന്നു.

കുഞ്ഞുണ്ടായ ശേഷം താന്‍ തന്റെ കരിയറില്‍ നിന്ന് റിട്ടയര്‍ ചെയ്യില്ലെന്നും ജനക്കൂട്ടത്തിന്റെ ആരവങ്ങളേറ്റുവാങ്ങി താന്‍ തിരിച്ചുവരുമെന്നും സെറീന പറഞ്ഞു. അത് വലിയ കാര്യമായി മറ്റുള്ളവര്‍ക്ക് തോന്നില്ലെങ്കിലും തനിക്ക് ലോകത്ത് അതിനേക്കാള്‍ മികച്ച അനുഭവമില്ലെന്നും സെറീന കൂട്ടിച്ചേര്‍ത്തു. കറുത്തവളായിക്കൊണ്ട് മാസികയുടെ കവര്‍ ഗേളാകാന്‍ കഴിയുന്നത് തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. തന്നെപ്പോലെയുള്ള കറുത്ത വര്‍ഗ്ഗക്കാരായ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സെറീന പറഞ്ഞു.

വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സെറീന അമ്മയാകാന്‍ പോകുന്നതിന്റെ ആശങ്കകളും ഭാവി സ്വപ്‌നങ്ങളും പങ്കു വെച്ചത്.

DONT MISS
Top