‘മിഷന്‍ ഇംപോസിബിള്‍’; ഹോളിവുഡ് നടന്‍ ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരുക്കേറ്റു

മിഷന്‍ ഇംപോസിബിള്‍ എന്ന ആക്ഷന്‍ സിനിമ സീരീസിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരുക്കേറ്റു. മിഷന്‍ ഇംപോസിബിള്‍ സീരീസിലെ ആറാം ഭാഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടുന്നതിനിടെ ചാട്ടം പിഴക്കുകയായിരുന്നു.

ചിത്രീകരണ രംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. റോപ് ഉപയോഗിച്ച് കെട്ടിടത്തിലേക്ക് ചാടുന്നതിനിടയില്‍ അന്‍പത്തഞ്ചുകാരനായ ടോം ക്രൂസിന്റെ ചാട്ടം പാളിപ്പോകുന്നതും പിന്നീട് മറ്റുള്ളവര്‍ പിടിച്ച് കയറ്റുന്നതുമായ രംഗങ്ങള്‍ വീഡിയോയിലുണ്ട്. കാലിന് പരുക്കേറ്റ താരത്തെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

മിഷന്‍ ഇംപോസിബിളിന്റെ ആറാം ഭാഗം 2018 ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ അഞ്ചാം ഭാഗം 2015 ലായിരുന്നു പുറത്തിറങ്ങിയത്. ത്രീഡിയില്‍ പ്രദര്‍ശനത്തിനെത്തുന്ന മിഷന്‍ ഇംപോസിബിള്‍ സീരീസിലെ ആദ്യ ചിത്രം കൂടിയാണിത്. 2017 ല്‍ പുറത്തിറങ്ങിയ ദ മമ്മിയായിരുന്നു ടോം ക്രൂസ് നായകനായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

DONT MISS
Top