ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വെസ് ബ്രൗണിന്റെ വരവ് പ്രാധാന്യത്തോടെ നോക്കിക്കണ്ട് വിദേശ മാധ്യമങ്ങള്‍; ലോകത്തെ ഏറ്റവും മികച്ച ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ കാത്തിരിക്കുന്നുവെന്ന് ബ്രൗണ്‍

വെസ് ബ്രൗണിനേക്കുറിച്ച് വിദേശ മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ കളിക്കാരന്‍ വെസ് ബ്രൗണിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വരവ് പ്രാധാന്യത്തോടെ നോക്കിക്കണ്ട് വിദേശ മാധ്യമങ്ങള്‍. ബ്ലാസ്‌റ്റേഴ്‌സിലേക്ക് കൂടുമാറാനൊരുങ്ങുന്ന ദിമിതര്‍ ബെര്‍ബാത്തോവും വെസ് ബ്രൗണുമായുള്ള ഒത്തുചേരലിനെ ‘റെഡ് ഡെവിള്‍ റീയൂണിയന്‍’ എന്നാണ് ബ്രിട്ടീഷ് പത്രം ‘ദ സണ്‍’ വിശേഷിപ്പിച്ചത്.

റെനെ മൊളന്‍സ്റ്റീന് ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ മുന്‍പരിചയവുമുള്ളത് ഏറെ അനുകൂലമായ ഘടകമാണെന്നും ‘സണ്‍’ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉടമസ്ഥനായ ടീമിലേക്കാണ് ബ്രൗണ്‍ പോകുന്നതെന്ന് മറ്റൊരു പ്രമുഖ മാധ്യമമായ ‘ഡെയ്‌ലി മെയില്‍’ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പരിചയപ്പെടുത്തിക്കൊണ്ട് പറയുന്നു.

അതിനിടെ ലോകത്തെ ഏറ്റവും മികച്ച ആരാധക നിരകളിലൊന്ന് എന്ന് കേരളത്തിലെ ആരാധകരെ ബ്രൗണ്‍ വിശേഷിപ്പിച്ചു. തന്റെ ട്വീറ്റിലൂടെയാണ് കേരളാ ടീമിന്റെ ആരാധകരെ വെസ് ബ്രൗണ്‍ പുകഴ്ത്തിയത്. കേരളമേ, നമുക്കുടനെ കണ്ടുമുട്ടാം എന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനാശംസയും അദ്ദേഹം നേരുകയുണ്ടായി.

1996 മുതല്‍ 2011 വരെ ദീര്‍ഘകാലം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും തുടര്‍ന്ന് സണ്ടര്‍ലാന്റിലും കളിച്ച മിന്നും താരമാണ് വെസ് ബ്രൗണ്‍. മാഞ്ചസ്റ്ററില്‍ ബ്രൗണ്‍ കളിച്ച സമയത്ത് റെനെ മൊളന്‍സ്റ്റീനും ടീമില്‍ സഹപരിശീലകനായി സേവനമനുഷ്ഠിച്ചിരുന്നു. ഈ പരിചയം കേരളാ ബ്ലാസ്റ്റേഴ്‌സിന് ഗുണകരമായി ഭവിക്കുമെന്നതില്‍ സംശയമില്ല.

DONT MISS
Top