ബ്ലൂവെയില്‍ മരണത്തിന് കേരളത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല, ഗെയിം ഡൗണ്‍ലോഡ് ചെയ്തതായും റിപ്പോര്‍ട്ടുകളില്ല: ഐജി മനോജ് എബ്രഹാം

തിരുവനന്തപുരം: ബ്ലൂവെയില്‍ മരണം കേരളത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം. ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ അഞ്ചുമാസമായി കേരള പൊലീസ് ഇക്കാര്യം നിരീക്ഷിച്ച് വരുകയണെന്നും ഐജി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത മനോജ് ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടറോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ മനോജിന്റെ മരണം സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. വിഷയത്തില്‍ പൊലീസ് ഉയര്‍ത്തുന്ന സംശയങ്ങള്‍ ഇവയാണ്. 2016 നവംബറിലാണ് ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതായി അമ്മയോട് പറയുന്നത്. അങ്ങനെയെങ്കില്‍ ഗെയിം അവസാനിക്കേണ്ട അന്‍പത് ദിവസം കഴിഞ്ഞു. ഗെയിം ലെവലുകളില്‍ പൂര്‍ത്തിയാക്കേണ്ട കൈകളിലെ ടാറ്റു പതിക്കലും മനോജിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലയെന്നാന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. എങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം കഴിഞ്ഞ ദിവസം ബ്ലൂവെയില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തികൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരുന്നു. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്,വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, യാഹൂ, മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഗെയിമിന്റെ അതേ പേരിലോ, സമാനമായ പേരിലോ ഉള്ള ലിങ്കുകള്‍ അടിയന്തിരമായി നീക്കം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്ത സംഭവങ്ങളും, ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍.

DONT MISS
Top