മികച്ചത് റോയല്‍ എന്‍ഫീല്‍ഡോ അതോ ബജാജോ? സോഷ്യല്‍ മീഡിയയില്‍ ആരാധക വാക്‌പോര് മുറുകുന്നു; എല്ലാത്തിനും കാരണക്കാരനായി ഒരു പരസ്യവും

പരസ്യചിത്രത്തില്‍നിന്ന്

റോയല്‍ എന്‍ഫീല്‍ഡ് എന്നാല്‍ ഒരു വികാരമാണ്. ഇംഗ്ലണ്ടില്‍ പിറന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച ഒരു പട്ടാളക്കാരനെ ഓര്‍മിപ്പിക്കും പലപ്പോഴും ഈ കമ്പനി. അതേ പുരാതനമായ, വൈകാരികമായി ഒരു ഇരുചക്ര വാഹന പ്രേമിയെ ഹരം കൊള്ളിക്കുന്ന രൂപം, ശബ്ദം. പലപ്പോഴും പൗരുഷത്വത്തിന്റെ പ്രതീകം എന്ന നിലയിലും രാജകീയ സവാരിലഭിക്കുന്ന വാഹനം എന്ന നിലയിലും എന്‍ഫീല്‍ഡ് തലയുയര്‍ത്തി നിന്നു. കമ്പനിയുടെ ബ്രിട്ടീഷ് വിഭാഗം പൂട്ടിപ്പോയെങ്കിലും ഇന്ത്യന്‍ വിഭാഗത്തിന്റെ വന്‍ വിജയം. പിന്നെ ഇന്ത്യന്‍ കമ്പനി എന്ന നിലയില്‍ വിദേശ രാജ്യങ്ങളില്‍ അറങ്ങേറ്റം. അങ്ങനെ ചരിത്രത്തിന്റെ ഭാഗം തന്നെയാണ് എന്‍ഫീല്‍ഡ്.

എന്നാല്‍ മറുവശത്ത് നിരവധി കുറ്റവും കുറവുകളും എന്‍ഫീല്‍ഡിനുണ്ടെന്നാണ് വാദമുയരുന്നത്. ഏറ്റവും വലുത് കമ്പനിയുടെ പിന്തിരിപ്പന്‍ മനോഭാവം തന്നെയാണ്. പുതിയ മാറ്റങ്ങളെ കണ്ടില്ലെന്നുനടിക്കുകയും അത് പ്രാവര്‍ത്തികമാക്കാതെയുമിരിക്കുക. പുതിയ മോഡലുകളിറക്കുന്നതിലെ വൈമുഖ്യം. പുരാതന രീതികള്‍, കഷ്ടപ്പാട്, വര്‍ക്ക് ഷോപ്പിലുള്ള സ്ഥിരം കയറ്റിറക്കങ്ങള്‍, അങ്ങനെ കമ്പനി ഒരുകൂട്ടം ഉപഭോക്താക്കളെ വെറുപ്പിക്കുകയും ചെയ്തു. കൊട്ടിഘോഷിച്ചെത്തിയ ഹിമാലയന്‍ എന്ന മോഡലിന്റെ ഗതി എടുത്തുപറയുന്നില്ല. അങ്ങനെ എന്‍ഫീല്‍ഡ് ഇഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും പറയാനേറെ.

എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. മറ്റാരുമല്ല, ബജാജ് എന്‍ഫീല്‍ഡിനെ ചൊടിപ്പിച്ചിരിക്കുന്നു, ആരാധകരേയും. ബജാജിന്റെ പുതിയ മോഡലായ ഡോമിനറിന്റെ പരസ്യത്തിലാണ് എന്‍ഫീല്‍ഡിനെ കൊട്ടിയിരിക്കുന്നത്. ആനപ്പുറത്തിരുന്ന് സവാരി നടത്തുന്നവരായിട്ടാണ് എന്‍ഫീല്‍ഡ് ഉപയോക്താക്കെ ചിതീകരിച്ചിരിക്കുന്നത്. കയറ്റം വരുമ്പോള്‍ ആന തളര്‍ന്നുനില്‍ക്കുന്നു. എന്നാല്‍ അപ്പോഴാണ് ഡോമിനറിന്റെ വരവ്. ആനക്കൂട്ടത്തെ കീറിമുറിച്ച് ഡോമിനര്‍ മുന്നോട്ട് കുതിക്കുകയാണ്. ഇതാണ് ബജാജ് അവതരിപ്പിച്ചത്.

പരസ്യം വന്നതിനുശേഷം സോഷ്യല്‍ മീഡിയയില്‍ ഒരു പൊട്ടിത്തെറി സംഭവിച്ചു. ഗ്രൂപ്പുകളിലെ സജീവ ചര്‍ച്ച ഇതായി മാറി. വീണ്ടു കാലാകാലങ്ങളായി തുടരുന്ന തര്‍ക്കം ആരംഭിച്ചു. എന്‍ഫീല്‍ഡ് നല്ലതാണോ അതോ ചീത്തയോ? ബജാജ് എന്ന കമ്പനിക്ക് എന്‍ഫീല്‍ഡിനോട് മുട്ടാനുള്ള പാങ്ങുണ്ടോ? പല കാര്യങ്ങളെ കൂട്ടുപിടിച്ച് ചര്‍ച്ച പൊടിപൊടിക്കുമ്പോള്‍ അവസാന ചിരി ബജാജിന്റേതുതന്നെ. അത്ര പബ്ലിസിറ്റിയാണ് പരസ്യത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ പരസ്യം തിരിച്ചടിക്കുമെന്നാണ് എന്‍ഫീല്‍ഡിനെ സ്‌നേഹിക്കുന്നവരുടെ വാദം.

DONT MISS
Top