ഗുവാം സൈനിക താവളം: തല്‍ക്കാലം ആക്രമണം നടത്തില്ലെന്ന് ഉത്തരകൊറിയ; മേഖലയില്‍ യുദ്ധ ഭീതി ഒഴിവായെന്ന് വിലയിരുത്തല്‍

കിംഗ് ജോങ് ഉന്‍

ഗുവാം: അമേരിക്കന്‍ സൈനിക താവളമായ ഗുവാമിനു നേരെ തല്‍ക്കാലം ആക്രമണം നടത്തേണ്ടതില്ലെന്ന് ഉത്തരകൊറിയന്‍ ഭരണ നേതൃത്വം. അമേരിക്കയുടെ നിലപാട് സൂക്ഷമമായി നിരീക്ഷിച്ചതിനുശേഷം ആവശ്യമെങ്കില്‍ മാത്രം ആക്രമണത്തിലേക്ക് കടന്നാല്‍ മതിയെന്ന് കിംഗ് ജോങ് ഉന്‍ നിര്‍ദ്ദേശം നല്‍കിയതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൊറിന്‍ സൈന്യത്തോട് സജ്ജരായിരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ മേഖലയില്‍ തല്‍ക്കാലത്തേക്ക് യുദ്ധ ഭീതി ഒഴിവായെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആക്രമണത്തിനായി ഉത്തരകൊറിയ സജ്ജമല്ലെന്നും സമയം അവശ്യമാണെന്നും വിലയിരുത്തലുകള്‍ ഉണ്ട്. പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിദ്ധ്യമുള്ള ദ്വീപാണ് ഗുവാം.

ആക്രമവുമായി ബന്ധപ്പെട്ട് ഉന്‍ സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ ഗുവാം നിവാസികളെ ഞെട്ടിച്ച് രണ്ട് റേഡിയോ സ്‌റ്റേഷനുകള്‍ അപ്രതീക്ഷിതമായി അപായ സൂചനകള്‍ പുറപ്പെടുവിച്ചു. ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും മിസൈല്‍ ആക്രമണം ഉണ്ടാകും എന്ന ഭീഷണി ഉള്ളതിനാല്‍ അമേരിക്കന്‍ സൈന്യം ജാഗരൂഗരാണ്. അര്‍ധരാത്രി 12.30 ഓടെ അപായ സൂചന കേട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പിശക് പറ്റിയതാണെന്ന് സ്ഥിരീകരിച്ചു.

അമേരിക്കയുടെ ഭാഗത്തുനിന്നും പ്രകോപനങ്ങള്‍ ഉണ്ടായാല്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന നിലപാടിലാണ് ഉത്തരകൊറിയ.
ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ താക്കീതിനോടാണ് ഉത്തരകൊറിയ പ്രതികരിച്ചത്. ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ഡോണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനുള്ള പ്രതികരണമായാണ് ഉത്തരകൊറിയ ഇക്കാര്യം അറിയിച്ചിരുന്നത്.

ഉത്തരകൊറിയ സ്വയം നാശത്തിലേക്കുള്ള വഴി തുറക്കരുതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രകോപനപരമായ നടപടികളുമായി ഉത്തരകൊറിയ മുന്നോട്ടുപോയാല്‍ ആ ഭരണകൂടം മാത്രമല്ല, ജനങ്ങള്‍ക്ക് കൂടി നാശം കൂടി സംഭവിച്ചേക്കാമെന്ന് ജയിംസ് മാറ്റിസ് താക്കീത് നല്‍കി. കിം ജോംഗ് ഉന്‍ അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ഉത്തരകൊറിയയും അമേരിക്കയും യുദ്ധപ്രഖ്യാപനം അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്ന് ജര്‍മ്മനി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ അതീവ ആശങ്കയുണ്ടെന്നും മേഖലയിലെ സ്തിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ജര്‍മ്മന്‍ വിദേശകാര്യ വക്താവ് അറിയിച്ചു. ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ ട്രംപ് ഒഴിവാക്കണമെന്ന് ചൈന അഭ്യര്‍ത്ഥിച്ചു.

DONT MISS
Top