ലങ്കയ്‌ക്കെതിരായ പരമ്പര വിജയം; ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ എതിരാളികളില്ലാതെ ഇന്ത്യ

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ വിജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.

ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 125 റേറ്റിംഗ് പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 110 ഉം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 1-3 ന് തോറ്റതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നേടിയെങ്കിലും ഇംഗ്ലണ്ട് 105 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 100 പോയിന്റുമായി ഓസ്‌ട്രേലിയയാണ് നാലാം സ്ഥാനത്ത്.

ന്യൂസിലന്റ് (97), പാകിസ്താന്‍ (93), ശ്രീലങ്ക (90), വെസ്റ്റിന്‍ഡീസ് (75), ബംഗ്ലാദേശ് (69) എന്നിവരാണ് അഞ്ച് മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഓസീസിനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് 304 റണ്‍സിനും രണ്ടാം ടെസ്റ്റ് ഇന്നിംഗ്‌സിനും 53 റണ്‍സിനും മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 171 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.

DONT MISS
Top