റെസ്റ്റോറന്റിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ യുവാവ് പൊലീസ് പിടിയില്‍; ആക്രമണത്തില്‍ 13 വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു

പാരിസ്: അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഫ്രാന്‍സില്‍ പിസ റെസ്റ്റോറന്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ യുവാവ് പൊലീസ് പിടിയില്‍. ആക്രമണത്തില്‍ 13 വയസ്സുകാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടു. പാരിസിലെ സെപ്റ്റ് സോര്‍ട്ട്‌സിലാണ് സംഭവം.

ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബിഎംഡബ്ല്യു കാറില്‍ വന്ന യുവാവ് റെസ്‌റ്റോറന്റിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ പതിമൂന്ന് വയസ്സുളള പെണ്‍കുട്ടി കൊല്ലപ്പെടുകയും പെണ്‍കുട്ടിയുടെ സഹോദരനുള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.

ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന ഫ്രാന്‍സില്‍ ഓരോ അപകടങ്ങളും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യുവാവ് റെസ്റ്റോറന്റിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയും പെണ്‍കുട്ടി കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നത്.

അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഫ്രാന്‍സില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുവാവിന്റെ ആക്രമണം എന്തെങ്കിലും ഭീകരബന്ധത്തിന്റെ ഭാഗമായിട്ടാണോ എന്ന അന്വേഷണത്തിലാണ് പൊലീസ്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഭീകരബന്ധങ്ങളൊന്നും തന്നെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസവും പാരീസില്‍ സമാന സംഭവം അരങ്ങേറിയിരുന്നു. ബിഎംഡബ്ല്യു കാറില്‍ അതിവേഗത്തില്‍ വന്ന വ്യക്തി അഞ്ച് സൈനികരെ ഇടിച്ചിട്ടിരുന്നു. അക്രമണം നടത്തിയ അനധികൃത കുടിയേറ്റക്കാരനെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് റെസ്റ്റോറന്റില്‍ കാര്‍ ഇടിച്ചു കയറ്റി പരിഭ്രാന്തി സൃഷ്ടിച്ച യുവാവിന് ഭീകരബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തിയത്. അതേസമയം കാര്‍ ഇടിച്ചു കയറ്റിയ വ്യക്തിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ട്. ആക്രമണം സംബന്ധിച്ച് ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുശോചനം രേഖപ്പെടുത്തി.

DONT MISS
Top