കയ്യിലൊതുങ്ങുന്ന വിലയില്‍ 6 ജിബി റാം സ്മാര്‍ട്ട്‌ഫോണുമായി കൂള്‍പാഡെത്തുന്നു

കൂള്‍പാഡ് പുറത്തുവിട്ട ചിത്രം

മികച്ച കോണ്‍ഫിഗറേഷനുള്ള ഫോണുകള്‍ കയ്യിലൊതുങ്ങുന്ന വിലയ്ക്ക് ലഭ്യമാക്കിയാണ് കൂള്‍പാഡ് എന്ന സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്കെത്തിയത്. 3ജിബി റാമും 4ജിബി റാമുമെല്ലാം കൂള്‍പാട് കുറഞ്ഞ തുകയ്ക്ക് നല്‍കി. ഇടയ്ക്ക് ലീക്കോ എന്ന ടെക് ഭീമന്‍ കൂള്‍പാഡിനെ വാങ്ങിയപ്പോള്‍ ലീക്കോയുമായി സഹകരിച്ചും 4ജിബി റാമും ഇരട്ട ക്യാമറകളുമുള്ള ഫോണുകള്‍ വിപണിയിലെത്തിച്ചു. അതേപോലെതന്നെ വീണ്ടും കുറഞ്ഞ വിലയില്‍ ഒരു 6 ജിബി ഫോണുമായി കൂള്‍പാഡ് എത്തുകയാണ്.

കൂള്‍പാഡ് കൂള്‍ പ്ലേ സിക്‌സ് എന്ന ഫോണാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്താന്‍ പോകുന്നത്. ചൈനയില്‍ ഇറങ്ങിയപ്പോള്‍ വന്‍വിജയമായി മാറിയ ഈ മോഡല്‍ കുറഞ്ഞ വിലയും മികച്ച ഗുണനിലവാരവുമായാണ് വിപണി പിടിച്ചത്. ലീക്കോ എന്ന കമ്പനിയുടെ സാങ്കേതിക മേന്മയും കൂള്‍പാഡിനെ തുണച്ചു. മികച്ച ഒരു ഗെയിമിംഗ് ഫോണ്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് ചൈനയില്‍ കൂള്‍പാഡ് കൂള്‍ പ്ലേ സിക്‌സ് നടത്തിയത്.

6ജിബി റാമിനൊപ്പം 64 ജിബി ഇന്റേണല്‍ മെമ്മറിയും ഒക്ടാക്കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 പ്രൊസസ്സറുമാണ് ഫോണിനുള്ളത്. അഞ്ചരയിഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായി എത്തുന്ന ഫോണ്‍ ഇന്ത്യയില്‍ ലഭ്യമായ മിഡ്‌റേഞ്ച് ഫോണുകളിലെ കില്ലര്‍ സ്‌പെക്കിലാണ് എത്തുന്നത്. ഫോണ്‍ എത്തുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് വിലയാണ്.

1,499 ചൈനീസ് യുവാനില്‍ ചൈനയില്‍ എത്തിയ ഫോണ്‍ ഇവിടെയെത്തുമ്പോള്‍ 15,000 രൂപയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് നിലവില്‍ ലഭിക്കുന്ന ഒരു 6 ജിബി റാം ഫോണിലേക്കാള്‍ 10,000 രൂപയെങ്കിലും കുറവ്. എന്നാല്‍ ചൈനയിലെ വിലവച്ച് വില ഇത്രയുമാകും എന്ന് കൃത്യമായി പ്രതീക്ഷിച്ച് കാത്തിരിക്കാനാവില്ല. എങ്കിലും 15,000 എന്ന വിലനിലവാരത്തിനടുത്ത് നിന്നേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസം 20ന് വിപണിയിലെത്തുമെന്നാണ് കൂള്‍പാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

DONT MISS
Top