പിസി ജോര്‍ജ്ജിന്റെ ക്രൂരവിനോദം സാംസ്‌കാരിക കേരളത്തിന്റെ മുഖത്തേക്കുള്ള കാര്‍ക്കിച്ച് തുപ്പലാണ്; ലജ്ജിച്ച് തലതാഴ്ത്തുന്നതായി സ്പീക്കര്‍


തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിയെ തുടര്‍ച്ചയായി അവഹേളിച്ച് സംസാരിക്കുന്ന പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പിസി ജോര്‍ജ്ജിന്റെ വിടുവായത്തരം സകല അതിരുകളും കടന്നിരിക്കുകയാണെന്നും ഇത്തരം പരാമര്‍ശങ്ങളില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നതായും സ്പീക്കര്‍ പ്രതികരിച്ചു.

സ്പീക്കറുടെ പ്രസ്താവന ഇങ്ങനെ:

രാജസദസ്സില്‍ സ്വന്തം സഹോദരപത്‌നിയായ ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസന ചേഷ്ടകൂടിയാണ് മഹാഭാരതയുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന്. സര്‍വ്വനാശമായിരുന്നു അതിന്റെ ഫലം. സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും പുരോഗമനകേരളത്തില്‍പ്പോലും ചില തനിയാവര്‍ത്തനങ്ങളുണ്ടാകുന്നത് ഖേദകരമാണ്.

അര്‍ദ്ധരാത്രിയില്‍ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളില്‍ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരുസഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുന്നു. ‘ഞാന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ’ എന്ന് നടിയെക്കൊണ്ട് ചോദിപ്പിക്കുന്നതുവരെയെത്തിയ ക്രൂരവിനോദം സാംസ്‌കാരികകേരളത്തിന്റെ മുഖത്തേക്കുള്ള കര്‍ക്കിച്ചുതുപ്പലാണ്. മുഖത്തുതുപ്പുന്നവരോട് എങ്ങനെപ്രതികരിക്കണമെന്നതിനും കീഴ്‌വഴക്കങ്ങളുണ്ടെന്ന് ആരും മറന്നുപോകരുത്.

ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങള്‍കൊണ്ട് സമൂഹത്തെ നയിക്കാന്‍ ബാധ്യതപ്പെട്ട ജനപ്രതിനിധികളില്‍നിന്നുപോലും ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നതില്‍ ലജ്ജിച്ചുതലതാഴ്ത്തുന്നു.

DONT MISS
Top