വനിതാ കമ്മീഷന്റെ തലപ്പത്ത് യോഗ്യതയില്ലാത്തവര്‍; നടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു: പിസി ജോര്‍ജ്ജ്

കോട്ടയം: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചും വനിതാ കമ്മീഷനെതിരെ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചും പിസി ജോര്‍ജ്ജ് എംഎല്‍എ. നടിയെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി ജോര്‍ജ്ജ് പറഞ്ഞു. വനിത കമ്മീഷന് തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും കമ്മീഷന്റെ തലപ്പത്ത് യോഗ്യതയില്ലാത്തവരാണെന്നും ജോര്‍ജ്ജ് കുറ്റപ്പെടുത്തി. തനിക്കെതിരെ പിസി ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ളവര്‍ അകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് ചൂണ്ടിക്കാട്ടി നടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ കള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പിസി ജോര്‍ജ്ജ് ആരോപിച്ചു. കേസ് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പ്രത്യേക ടീമിനെ നിയോഗിക്കണം. കോടതിയുടെ നിരീക്ഷണത്തിലായിരിക്കണം ടീം അന്വേഷണം നടത്തേണ്ടത്. യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തണം. അല്ലാതെ വഴിയെ നടക്കുന്ന സിനിമ നടന്‍മാരെയെല്ലാം പിടിച്ച് പീഡിപ്പിക്കാന്‍ നോക്കിയാല്‍ അതിന് കൂട്ടുനില്‍ക്കാന്‍ പിസി ജോര്‍ജ്ജിനെ കിട്ടില്ല.

ആക്രമിക്കപ്പെട്ട നടിയെ കുറുച്ച് താന്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാരല്ല പട്ടാളം വന്നാലും സത്യത്തിന് വിരുദ്ധമായി നില്‍ക്കില്ല. തന്റെ പ്രസ്താവനകള്‍ അന്വേഷണത്തെ ബാധിക്കുന്നെങ്കില്‍ ബാധിച്ചോട്ടെയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

നടിയെ ആരെങ്കിലും ആക്രമിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. കുറ്റക്കാരെ ശിക്ഷിക്കണം. എന്നാല്‍ ഒരു നിരപരാധിയെ പ്രതിയാക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് തെറ്റാണെന്ന് പറഞ്ഞാല്‍ ആക്രമിച്ച് നാടുകടത്താമെന്ന് വിചാരിക്കേണ്ട. അത് ചെലവാകില്ല. നടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതോടെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വ്യക്തിപരമായ വിമര്‍ശനങ്ങളാണ് പിസി ജോര്‍ജ്ജ് നടത്തിയത്. നിന്ന തെരഞ്ഞെടുപ്പിലെല്ലാം തോറ്റ് ഒരുഗതിയും പരഗതിയും ഇല്ലാതായവര്‍ക്ക് ഇരിക്കാനുള്ള സ്ഥലമല്ല വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം. ബോധവും വിവരവുമുള്ള നിയമപരിജ്ഞാനം ഉള്ളവരെ വേണം ആ സ്ഥാനത്ത് നിയമിക്കാന്‍. രാഷ്ട്രീയക്കാരുടെ താത്പര്യത്തിന് അനുസരിച്ച് ചാടിക്കളിക്കുന്നവരെയല്ല അവിടെ വെക്കേണ്ടത്. വനിതാ കമ്മീഷന്‍ പരാതിയല്ല കുന്തം കൊണ്ട് വന്നാലും ഉറച്ച് മുന്നോട്ട് പോകും.

ഭരണഘടനാ സ്ഥാപനത്തെ ഇങ്ങനെ ആക്ഷേപിക്കാമോ എന്ന ചോദ്യത്തിന് താന്‍ ആക്ഷേപിക്കുകയല്ലെന്നും സത്യം പറയുകയാണെന്നും ജോര്‍ജ്ജ് പ്രതികരിച്ചു. സത്യം പറഞ്ഞാല്‍ ആക്ഷേപം ആകുമെങ്കില്‍ ആക്ഷേപം തോന്നുന്ന കാര്യങ്ങള്‍ ചെയ്യരുത്. ഐസ് കട്ടയില്‍ പെയിന്റ് അടിക്കാന്‍ ആരും വരരുതെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.

DONT MISS
Top