‘ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം’ – ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍

ഫയല്‍ ചിത്രം

ബ്രിട്ടണ്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനി ഭരണത്തിനെതിരെ നടത്തിയ സമരങ്ങളെ പൊതുവില്‍ പറയുന്ന പേരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സാമ്രാജ്യ വ്യാപനം തുടങ്ങുന്ന കാലത്താണ് ഇത് ആരംഭിച്ചത്. 1857ല്‍ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആരംഭത്തോടെയാണ് ഇന്ത്യയില്‍ സ്വതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്.

1857ലെ യുദ്ധം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വെള്ളക്കാര്‍ നിര്‍ത്തലാക്കി. ഇതിനു പകരം ബ്രിട്ടീഷ് രാജ ഭരണത്തിന്‍ കീഴില്‍ നേരിട്ടുള്ള ഭരണം തുടങ്ങി. ബ്രിട്ടീഷ് രാജാവിന്റെ പ്രതിനിധിയായി ഇന്ത്യയില്‍ ഒരു വൈസ്രോയിയെ നിയമിച്ചു. ‘ഇന്ത്യയിലെ രാജാക്കന്മാര്‍ക്കും തലവന്മാര്‍ക്കും ജനങ്ങള്‍ക്കുമായി’ പുതിയ നേരിട്ടുള്ള ഭരണ നയം വിളംബരം ചെയ്തുകൊണ്ട് ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയ രാജ്ഞി ബ്രിട്ടീഷ് നിയമ പ്രകാരം ഇന്ത്യക്കാര്‍ക്ക് തുല്യ പരിഗണനയും അവകാശങ്ങളും വാഗ്ദാനം ചെയ്തു. എങ്കിലും ബ്രിട്ടീഷ് ഭരണത്തോടുള്ള വിശ്വാസമില്ലായ്മ 1857ലെ സമരത്തിന്റെ ഫലമായി ഉണ്ടായി.

പിന്നീട് 19ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മറ്റ് സമര നേതാക്കളും പ്രസ്ഥാനത്തിലേക്ക് എത്തിയത് സ്വതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. പിന്നീട് 1914ല്‍ ആരംഭിച്ച ഒന്നാം ലോക മഹായുദ്ദത്തിനുശേഷം മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. ഇക്കാലയളവില്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ലഹള പൊട്ടിപ്പുറപ്പെടും എന്ന് ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടു. എന്നാല്‍ അതുവരെ കാണാത്ത തരത്തില്‍ ബ്രിട്ടനു നേരെ സന്മനസ്സും വിധേയത്വവും കാണിക്കുകയായിരുന്നു മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം ചെയ്തത്. വിഭവങ്ങളും ഭടന്മാരെയും ധാരാളമായി ഇന്ത്യ ബ്രിട്ടീഷ് യുദ്ധ മുന്നണിയിലേയ്ക്ക് സംഭാവന ചെയ്തു. ഏകദേശം 13 ലക്ഷം ഇന്ത്യന്‍ സൈനികരും തൊഴിലാളികളും യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യ പൂര്‍വ്വ ദേശം എന്നിവിടങ്ങളിലെ യുദ്ധമുന്നണികളില്‍ സേവനം അനുഷ്ഠിച്ചു. ഇന്ത്യന്‍ സര്‍ക്കാരും രാജാക്കന്മാരും വലിയ അളവില്‍ ധാന്യങ്ങളും പണവും വെടിക്കോപ്പുകളും യുദ്ധത്തിനായി അയച്ചിരുന്നു.

പിന്നീട് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മി(ഐഎന്‍എ)യും ഗാന്ധിജി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും 1939ല്‍ ആരംഭിച്ച രണ്ടാം ലോക മഹായുദ്ധകാലത്ത അവയുടെ ഉന്നതിയിലെത്തി. തുടര്‍ന്നുണ്ടായ മുംബൈ ലഹളയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ചെങ്കോട്ട വിചാരണയും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിന് ആക്കം കൂട്ടി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്യം ലഭിച്ചു. തുടര്‍ന്ന് 1947ല്‍ ഇന്ത്യ രൂപികൃതമായി. 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. 1952ല്‍ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ 62 ശതമാനം സമ്മതിദാനം രേഖപ്പെടുത്തി അതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.

DONT MISS
Top