കളക്ടറുടെ ഉത്തരവ് ലംഘിച്ച് ആര്‍എസ്എസ് കാണിക്കുന്നത് തിണ്ണമിടുക്ക്: മോഹന്‍ ഭാഗവത് ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന സ്‌കൂളില്‍ പോയി പതാക ഉയര്‍ത്തട്ടെയെന്നും എം ബി രാജേഷ്

എംബി രാജേഷ്

പാലക്കാട്: സര്‍ക്കാര്‍ സഹായം പറ്റുന്ന സ്‌കൂളില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെയോ, രാഷ്ട്രീയ പാര്‍ട്ടിയുടേയോ നേതാവ് വന്ന് പതാക ഉയര്‍ത്തുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്ന് എം ബി രാജേഷ് എംപി. മോഹന്‍ഭാഗവതിന് പതാക ഉയര്‍ത്താനുളള അവകാശമുണ്ട് അത് ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന സ്‌കൂളിലോ, ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന പരിപാടിയിലോ ആകാമെന്നും എം ബി രാജേഷ് പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് റിപ്പോര്‍ട്ടറോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ഥ അഭിപ്രായങ്ങളും നിലപാടുകളുമുള്ള സ്‌കൂളില്‍ വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ മോഹന്‍ ഭാഗവതിനെ പോലുള്ള വ്യക്തികള്‍ പതാക ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ല. ആ ചട്ടലംഘനമാണ് ചൂണ്ടിക്കാട്ടുന്നതെന്നും എം ബി രാജേഷ് വ്യക്തമാക്കി. മൂത്താംതറ പാലക്കാട് ആര്‍എസ്എസ് ശക്തി കേന്ദ്രമായ സ്ഥലമാണ്. ആ തിണ്ണമിടുക്കാണ് കളക്ടറുടെ ഉത്തരവ് പോലും ലംഘിച്ച് ആര്‍എസ്എസ് ഇന്ന് കാണിച്ചത്.

മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിച്ച സ്‌കൂള്‍ മാനേജ്‌മെന്റും നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും എം ബി രാജേഷ് പറഞ്ഞു. രാജ്യം മുഴുവന്‍ കലാപം ഉണ്ടാക്കാനുള്ള പ്രചരണം നടത്തികൊണ്ടിരിക്കുന്ന മോഹന്‍ ഭാഗവതിനെ പോലുള്ളവരെ ആത്മീയ നേതാവെന്ന് വിളിക്കുന്നത് ആത്മീയാചാര്യന്‍ മാരെ മുഴുവന്‍ അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും എം ബി രാജേഷ് റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. മോഹന്‍ ഭാഗവത് രാഷ്ട്രീയ നേതാവല്ലെന്നും ആത്മീയ നേതാവാണെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം ബി രാജേഷ്.

ജില്ലാകളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് എയ്ഡഡ് സ്‌കൂളില്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് മൂത്താംതുറ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത്.

മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രധാന അധ്യാപകനും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് അദ്ദേഹം പതാക ഉയര്‍ത്തിയിരിക്കുന്നത്.

എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിന് കളക്ടര്‍ അനുമതി നിഷേധിച്ചത്. ജനപ്രതിനിധികള്‍ക്കോ അധ്യാപകര്‍ക്കോ പതാക ഉയര്‍ത്താമെന്നും കളക്ടര്‍ പറഞ്ഞു.

മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് പുലര്‍ച്ചെയാണ് കളക്ടര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രധാന അധ്യാപകനും നോട്ടീസ് നല്‍കിയത്. അതേസമയം, കളക്ടറുടെ നിര്‍ദ്ദേശത്തിനെതിരെ ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

DONT MISS
Top