മോഹന്‍ ഭാഗവത് രാഷ്ട്രീയ നേതാവല്ല, ആത്മീയ നേതാവ്: ദേശീയ പതാക ഉയര്‍ത്തരുതെന്ന കളക്ടറുടെ ഉത്തരവിന് നിയപരമായ സാധുതയില്ലെന്നും അഡ്വ പി എസ് ശ്രീധരന്‍പിള്ള

പാലക്കാട്: ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവത് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തരുതെന്ന കളക്ടറുടെ ഉത്തരവിന് നിയമപരമായ സാധുതയില്ലെന്ന് അഡ്വ പിഎസ് ശ്രീധരന്‍പിള്ള. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്താനുള്ള സ്വാതന്ത്ര്യം ഏത് പൗരനുമുണ്ട്. അത് എടുത്തുകളയാന്‍ നിയമപരമായി ഒരു സര്‍ക്കാരിനും അവകാശമില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

സംസ്ഥാനത്ത് നിയമനിര്‍മാണം നടത്താന്‍ കളക്ടര്‍ക്ക് അധികാരമില്ല. ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളില്‍ യാതൊരു ചട്ടങ്ങളുണ്ടാക്കാനും ആര്‍ക്കും അവകാശമില്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഏതൊരു പൗരനും പതാക ഉയര്‍ത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ ഭഗവത് എന്ന വ്യക്തി ഒരു രാഷ്ട്രീയ നേതാവല്ലെന്നും ഒരു വലിയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവാണ്. അദ്ദേഹത്തെ ഒരു രാഷ്ട്രീയ നേതാവായി ചിത്രീകരിക്കരുതെന്നും പി എസ് ശ്രീധരന്‍പിള്ള റിപ്പോര്‍ട്ടരോട് പ്രതികരിച്ചു.

ജില്ലാകളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് എയ്ഡഡ് സ്‌കൂളില്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് മൂത്താംതുറ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത്.

മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രധാന അധ്യാപകനും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് അദ്ദേഹം പതാക ഉയര്‍ത്തിയിരിക്കുന്നത്.

എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിന് കളക്ടര്‍ അനുമതി നിഷേധിച്ചത്. ജനപ്രതിനിധികള്‍ക്കോ അധ്യാപകര്‍ക്കോ പതാക ഉയര്‍ത്താമെന്നും കളക്ടര്‍ പറഞ്ഞു.

മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് പുലര്‍ച്ചെയാണ് കളക്ടര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രധാന അധ്യാപകനും നോട്ടീസ് നല്‍കിയത്. അതേസമയം, കളക്ടറുടെ നിര്‍ദ്ദേശത്തിനെതിരെ ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

DONT MISS
Top