നിരോധിത മേഖലയില്‍ കടന്നു കയറി ഫെയ്‌സ്ബുക്ക്; രൂപമാറ്റം വരുത്തി ചൈനയില്‍ നുഴഞ്ഞുകയറിയെന്ന് റിപ്പോര്‍ട്ട്

ഫെയ്‌സ്ബുക്ക് വേഷം മാറി ചൈനയില്‍ അതിക്രമിച്ചു കടന്നുവെന്ന് റിപ്പോര്‍ട്ട്. രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തിയാണ് തങ്ങള്‍ക്ക് നിരോധമമേര്‍പ്പെടുത്തിയ ചൈനയില്‍ ഫെയ്‌സ്ബുക്ക് കടന്നുകൂടിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

2009 ല്‍ ഭരണകൂടത്തിനെതിരെ ഷിന്‍ജിയാങ് ആക്ടിവിസ്റ്റുകള്‍ നടത്തിയ പ്രക്ഷോഭത്തിന് ആശയവിനിമയത്തിനായി ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്തി എന്ന് ആരോപിച്ചാണ് ചൈന ഫെയ്‌സ്ബുക്കിന് നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍ 7 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള ചൈനയെ അങ്ങനെ വെറുതെ കൈവിട്ടു കളയാന്‍ ഫെയ്‌സ്ബുക്ക് ഒരുക്കമായിരുന്നില്ല.

പല രീതിയില്‍ അനുനയ ശ്രമങ്ങള്‍ നടത്തി നോക്കിയെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. ഫെയ്‌സ്ബുക്കിന്റെ എല്ലാ ഗുണഗണങ്ങളുമുള്ള സമാന സോഷ്യല്‍ നെറ്റ്‌വര്‍ക്കായ റെന്‍ റെന്‍ പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് ചൈനയിലുള്ള സ്വീകാര്യതയും ഫെയ്‌സ്ബുക്കിന് തിരിച്ചടിയായിരുന്നു. ഒടുവില്‍ ചൈനയെന്ന സ്വപ്‌നം മാറ്റി വെച്ചിരിക്കുകയായിരുന്നു ഫെയ്‌സ്ബുക്ക് അധികൃതര്‍.

അതിനു ശേഷമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് രൂപമാറ്റം വരുത്തി ചൈനയില്‍ നുഴഞ്ഞുകയറിയിരിക്കുന്നു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. കളര്‍ഫുള്‍ ബലൂണ്‍സ് എന്ന പേരില്‍ ഒരു ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനാണ് ഫെയ്‌സ്ബുക്ക് ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയിട്ടില്ല.

DONT MISS
Top