പാകിസ്താന് മല്ലു ഹാക്കര്‍മാരുടെ മറുപണി; പാക് സ്വാതന്ത്ര്യ ദിനം തീവ്രവാദ ദിനമായി ആചരിച്ച്‌ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്; 2000 സൈറ്റുകള്‍ ഹാക്ക് ചെയ്തു

ഇന്ത്യയില്‍ മത തീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സ്വാതന്ത്ര്യ ദിനത്തില്‍ പാക് വെബ് സൈറ്റുകളില്‍ ആക്രമണം അഴിച്ചു വിട്ട് മലയാളി ഹാക്കര്‍മാര്‍. പാക് സര്‍ക്കാര്‍ സൈറ്റുകള്‍ ഉള്‍പ്പെടെ 2000 വെബ്‌സൈറ്റുകളിലാണ് മലയാളി ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയത്. മലയാളികളുടെ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സാണ് പാക് സൈറ്റുകളില്‍ സൈബര്‍ ആക്രമണം നടത്തിയത്.

പാക് സൈബര്‍ ലോകം മുഴുവന്‍ തങ്ങള്‍ പിടിച്ചടക്കുന്ന കാലം വിദൂരമല്ലെന്ന് സൈബര്‍ സോള്‍ജിയേഴ്‌സ് അവകാശപ്പെടുന്നു. 2014 ല്‍ നടന്‍ മോഹന്‍ ലാലിന്റെ വെബ്‌സൈറ്റ് പാകിസ്താന്‍ ഹാക്ക് ചെയ്തതാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിനെ പ്രകോപിപ്പിച്ചത്. അന്നു മുതലാണ് ഒരുപറ്റം മലയാളി യുവാക്കള്‍ ചേര്‍ന്ന് ഹാക്കിങ് കൂട്ടായ്മക്ക് തുടക്കമിട്ടത്.

മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പകരമായി നിരവധി പാക് സൈറ്റുകള്‍ ആക്രമിച്ചാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പകരം വീട്ടിയത്. പാക് സൈബര്‍ ആക്രമണത്തിന് വിധേയമായ ഇന്ത്യന്‍ സൈറ്റുകള്‍ സൗജന്യമായി പുനസ്ഥാപിച്ചു നല്‍കാനും മലയാളി ഹാക്കര്‍മാര്‍ തയ്യാറായി.

ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യുകയും ഇന്ത്യയില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാകിസ്താന്റെ സ്വാതന്ത്ര ദിനം തങ്ങള്‍ അന്തര്‍ ദേശീയ തീവ്രവാദ ദിനമായി ആചരിക്കുമെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് വ്യക്തമാക്കി.

DONT MISS
Top