യോഗ അഭ്യസിക്കുന്നയാള്‍ തീവ്രവാദിയാകില്ല: കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ യോഗയ്ക്ക് സാധിക്കുമെന്നും ബാബ രാംദേവ്

ബാബ രാംദേവ്

ദില്ലി: യോഗ അഭ്യസിക്കുന്ന വ്യക്തികള്‍ തീവ്രവാദിയാകില്ലെന്ന് യോഗഗുരു ബാബ രാംദേവ്. കശ്മീരില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിക്കുന്നതിനും പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിനും യോഗയ്ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടിവി കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. കശ്മീര്‍ താഴ് വരയില്‍ സംഘര്‍ഷം ഉണ്ടാക്കുന്നവരെ യോഗയിലൂടെ ചികിത്സിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്മീരിലും പതജ്ഞലിയുടെ ഫാക്ടറി തുടങ്ങുന്നതിന് 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. പതജ്ഞലിയുടെ ഫാക്ടറി വരുന്നതോടെ കശ്മീരിലെ യുവാക്കള്‍ക്ക് ജോലി ലഭ്യമാകുമെന്നും ബാബ രാംദേവ് പറഞ്ഞു.

ഇന്ത്യ ചൈന സംഘര്‍ഷത്തെ പറ്റി സംസാരിച്ച യോഗ ഗുരു യുവാക്കളോട് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തു. എല്ലാ മേഖലയിലും ചൈനയെ പിന്‍തള്ളാന്‍ ഇന്ത്യയക്കാകുമെന്നും പാകിസ്താനെ പിന്തുണയ്ക്കുന്ന ചൈനയുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സ്വാതന്ത്യത്തിനായി പോരാടുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ജനങ്ങളെ ഇന്ത്യ പിന്തുണയ്ക്കണമെന്നും ബാബ രാംദേവ് പറഞ്ഞു.

DONT MISS
Top