റിപ്പബ്ലിക് ടിവി ഫെയ്‌സ്ബുക്ക് റേറ്റിംഗ് കൂപ്പുകുത്തി; കേരളത്തെ താറടിച്ചുകാണിക്കേണ്ട, ഒറ്റക്കെട്ടുതന്നെയെന്ന് സൈബര്‍ ലോകം

അര്‍ണബ് ഗോസ്വാമി

കേരളത്തെ ദേശീയ തലത്തില്‍ അപമാനിക്കാനുള്ള ചാനലിന്റെ കുത്സിത ശ്രമങ്ങള്‍ക്കെതിരെ മലയാളികള്‍ ഒറ്റക്കട്ടോടെ നിന്നത് റിപ്പബ്ലിക് ചാനലിന് തിരിച്ചടിയാകുന്നു. മലയാളികള്‍ തുടര്‍ച്ചയായി ഏറ്റവും താഴ്ന്ന റേറ്റിംഗായ ഒന്ന് നല്‍കുകയും മോശം റിവ്യൂകള്‍ ഇടുകയും ചെയ്തതോടെ ചാനലിന്റെ റേറ്റിംഗിന് വന്‍ ഇടിവ് സംഭവിച്ചു. 4.8 റേറ്റിംഗ് മലയാളികളുടെ ഇടപെടലോടെ 1.6ലേക്ക് വീണു.

ഇത് തിരിച്ച് പിടിക്കാനാണ് സംഘപരിവാര്‍ വ്യാജ പ്രൊഫൈലുകളില്‍ നിന്ന് ഫൈവ് സ്റ്റാര്‍ റേറ്റിംഗുകള്‍ നല്‍കിയത്. പണം നല്‍കി വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഇത് സൃഷ്ടിക്കുന്നതെന്ന ആരോപണം ഉയര്‍ന്നു. ഇത് ഫെയ്‌സ്ബുക്ക് കണ്ടുപിടിച്ച് നീക്കം ചെയ്തതോടെ 70,000 ന് മുകളില്‍ ഉണ്ടായിരുന്ന അഞ്ച്‌ സ്റ്റാര്‍ റേറ്റിംഗ് കൂപ്പുകുത്തി. അതേസമയം ഒരു സ്റ്റാര്‍ 1.6 ലക്ഷം കടന്നിരിക്കുകയാണ്.

നേരത്തെ മലയാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റേറ്റിംഗില്‍ ഇടിവ് വന്നതോടെ ഫെയ്‌സ്ബുക്കിലെ റിവ്യൂ ഓപ്ഷന്‍ തന്നെ ചാനല്‍ പിന്‍വലിച്ചു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഓപ്ഷന്‍ തിരികെ കൊണ്ടുവന്നു. വീണ്ടും മലയാളികള്‍ കടന്നാക്രമണം നടത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി ചാനല്‍. തുടര്‍ന്നാണ് വ്യാജ പ്രൊഫൈലുകള്‍ വഴി റേറ്റിംഗ് നല്‍കാന്‍ തീരുമാനിച്ചത്.

കേരളത്തെ ദേശീയ തലത്തില്‍ മോശമായി ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന ചാനലാണ് റിപ്പബ്ലിക്. കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരിന് പങ്കാളിത്തമുള്ള ചാനല്‍ കൂടിയാണിത്. കഴിഞ്ഞ കുറേ നാളുകളായി കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും പ്രചരണങ്ങളുമായി മുന്നേറുകയായിരുന്നു ചാനല്‍. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളികള്‍ തുനിഞ്ഞിറങ്ങിയത്.

അടുത്തിടെ നടന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ചായ്‌വുള്ള ചില ചാനലുകള്‍ കേരളത്തെ അക്രമങ്ങളുടെ നാടായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. അത്തരത്തില്‍ ചില കാംപെയിനുകളും റിപ്പബ്ലിക് ഉള്‍പ്പെടെയുള്ള ചാനലുകള്‍ നടത്തി. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്പോഴാണ് വളരെ തുച്ഛമായ അക്രമങ്ങള്‍ മാത്രം നടക്കുന്ന കേരളത്തെ അപമാനിക്കാന്‍ ഈ സംഘപരിവാര്‍ ചാനലുകള്‍ രംഗത്തെത്തിയത്.

DONT MISS
Top