അതിരപ്പിള്ളി വിഷയത്തില്‍ നിലപാടില്‍ ഉറച്ച് സിപിഐ; പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് എംഎം മണി

കണ്ണൂര്‍: അതിരപ്പള്ളി വിഷയത്തില്‍ സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍. ഒരു പദ്ധതിക്ക് പല ഘട്ടങ്ങളുണ്ട്. ഇപ്പോഴുള്ള അവസ്ഥയില്‍ ആശങ്കയില്ലന്നും പുലി വരുന്നെന്നു പറയുന്നതല്ലാതെ പുലി വരികയില്ലെന്നും കാനം കണ്ണൂരില്‍ പറഞ്ഞു. പദ്ധതി നിര്‍മാണം തുടങ്ങാന്‍ പോകുന്നുവെന്ന് 1980 മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഒന്നും സംഭവിച്ചിട്ടില്ല എന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നും കാനം വ്യക്തമാക്കി.

അതേസമയം അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെതും സമാനമായ നിലപാടാണ്. സാധ്യമായ സ്ഥലങ്ങളില്‍ പരിസ്ഥിതി സംരക്ഷിച്ച് ജലവൈദ്യൂതി പദ്ധതി നടപ്പാക്കണമെന്ന് പി ജെ ജോസഫും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പദ്ധതിയെ പൂര്‍ണമായി എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരുന്നു. പദ്ധതി സമവായത്തിലൂടെ നടപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

പദ്ധതി സമവായത്തിലൂടെ നടപ്പിലാക്കണം. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. ചര്‍ച്ച നടത്തി അഭിപ്രായസമന്വയത്തിലൂടെ മുന്നോട്ട് പോകണം. പ്രകൃതി സംരക്ഷണത്തിന് തടസമാകാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനമാണ് ആവശ്യം. ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണെന്ന് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയിച്ചിരുന്നു. പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നാണ് അന്ന് കത്തില്‍ പറഞ്ഞിരുന്നത്.

അതിരപ്പിള്ളിയില്‍ കെഎസ്ഇബി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് പദ്ധതി വീണ്ടും ചര്‍ച്ചയില്‍ നിറഞ്ഞത്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും കെഎസ്ഇബി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും കഴിഞ്ഞ ദിവസം വൈദ്യുതമന്ത്രി എംഎം മണി നിയമസഭയില്‍ അറിയിച്ചു.

എന്നാല്‍ ഇതിനെതിരെ ഭരണകക്ഷിയായ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. തുടര്‍ന്ന് അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്ന് പ്രഖ്യാപിച്ച് എംഎം മണി നിലപാട് മാറ്റുകയായിരുന്നു.

DONT MISS
Top