ബ്രൂസ് ലീയുടെ ജീവിതകഥ സിനിമയാകുന്നു; നിര്‍മാണം ബ്രൂസ് ലീയുടെ മകള്‍; സംഗീതം എആര്‍ റഹ്മാന്‍

ബ്രൂസ് ലീ

ആയോധനകലയിലെ ഇതിഹാസം ബ്രൂസ് ലീയുടെ ജീവിതകഥ സിനിമയാകുന്നു. സംവിധായകനും നടനും നിര്‍മാതാവുമായ ശേഖര്‍ കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ബ്രൂസ് ലീയുടെ സംഭവബഹുലമായ ജീവിതകഥ എല്ലാ വസ്തുതകളും ഉള്‍പ്പെടുത്തിയാകും അഭ്രപാളികളിലെത്തുക.

ബ്രൂസ് ലീയുടെ ജീവിത കഥ അതിന്റെ എല്ലാ നിലവാരത്തോടെയും പകര്‍ത്താന്‍ പണമിറക്കുന്നത് ലീയുടെ മകള്‍ ഷാനോണ്‍ ലീയാണ്. മറ്റ് സഹനിര്‍മാതാക്കളും ചിത്രത്തിനുണ്ട്. തിരക്കഥയൊരുക്കാനും ഷാനോണ്‍ സഹകരിക്കും. നിലവില്‍ ബ്രൂസ് ലീ എന്റര്‍ടൈന്‍മെന്റ് എന്നൊരു കമ്പനി ഷാനോണ്‍ നടത്തുന്നുണ്ട്. ഇതേ കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ബ്രൂസ് ലീയും കുടുബവും

1950കളിലെ ഹോങ്കോങ്ങാണ് ചിത്രീകരിക്കേണ്ടിവരിക. ബ്രൂസ് ലീയും കുടുംബവും നേരിട്ട പ്രശ്‌നങ്ങള്‍. സിനിമയിലെത്തിയതും പിന്നീട് വിവേചനങ്ങള്‍ നേരിട്ട് പിന്നീട് ഒരു ഇതിഹാസ താരമായി ഉയര്‍ന്നതുംമെല്ലാം സിനിമയിലുണ്ടാകും. ചിത്രത്തിന് താല്‍കാലികമായി നല്‍കിയിരിക്കുന്ന പേര് ലിറ്റില്‍ ഡ്രാഗണ്‍ എന്നാണ്.

ലോക സിനിമയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി ഒരുമിക്കുന്നത്. അക്കാദമി അവാര്‍ഡുകള്‍ക്കായി നോമിനേറ്റ് ചെയ്യപ്പെട്ട പല ചിത്രങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളതിനാല്‍ ലിറ്റില്‍ ഡ്രാഗണും നിലവാരത്തിന്റെ കാര്യത്തില്‍ പിന്നോട്ടുപോകില്ല. ഹോളിവുഡില്‍ നിന്നുള്ള വിദഗ്ധരാണ് ആക്ഷനുവേണ്ടയെത്തുന്നത്. അമേരിക്കന്‍ കാസ്റ്റിംഗ് ഡയറക്ടര്‍ മേരി വെര്‍ണ്യുവാണ് ചിത്ത്രതിനായുള്ള അഭിനേതാക്കളെ കണ്ടെത്തുന്നത്.

ബ്രൂസ് ലീയും ജാക്കിച്ചാനും

സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് എആര്‍ റഹ്മാനാണ്. മറ്റൊരു ഒസ്‌കാര്‍ നേടാനുള്ള എല്ലാ സാധ്യതകളും ഈ ചിത്രത്തിലൂടെ റഹ്മാന്റെ പക്കലെത്തും. ജീവിത കഥകള്‍ ചിത്രമാകുമ്പോള്‍ ആദ്യം പരിഗണിക്കപ്പെടുന്ന സംഗീത സംവിധായകന്‍ എന്നൊരു ഖ്യാതി ഇതിനോടകം റഹ്മാന് ഉണ്ടായിട്ടുണ്ട്. ഇത് ആഗോള തലത്തില്‍ റഹ്മാന്റെ ക്ലാസ് വെളിവാക്കുന്നതാണ്.

തൊട്ടുമുമ്പില്‍ റഹ്മാന്‍ ഹോളിവുഡില്‍ ചെയ്തത് ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിതകഥ. ഇസ്ലാം മതസ്ഥാപകന്‍ മുഹമ്മദ് നബിയുടെ ജീവിതം അഭ്രപാളികളിലെത്തിയപ്പോഴും റഹ്മാന്‍ തന്നെയാണ് മാസ്മരികമായ സംഗീതം പകര്‍ന്നത്. ഇന്ത്യയിലേക്കെത്തിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിതം സിനിമയായതാണ് ഇത്തരത്തിലുള്ള റഹ്മാന്റെ അവസാന ചിത്രം. തമിഴ് രാഷ്ട്രീയ നേതാവും മലയാളിയുമായ എംജിആറിന്റെ ചിത്രത്തിലും റഹ്മാന്റെ കൈയ്യൊപ്പ് പതിഞ്ഞു. ഇങ്ങനെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പല വ്യക്തികളുടേയും ചിത്രങ്ങളെല്ലാം ആവശ്യപ്പെടുന്നത് റഹ്മാന്റെ സംഗീതം തന്നെ.

ബ്രൂസ് ലീയുടെ കാര്യത്തിലേക്ക് വന്നാല്‍ ലോകത്തെ സിനിമാ ആരാധകര്‍ക്ക് ബ്രൂസ് ലീയോടുളള ആരാധനയ്ക്കും സ്‌നേഹത്തിനുമപ്പുറം മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം മറ്റൊന്നുമല്ല, ദക്ഷിണേന്ത്യന്‍ ആയോധനകലയായ കളരിപ്പയറ്റ് ബ്രൂസ് ലിയെ സ്വാധീനിച്ചിരുന്നുവെന്ന് പലരും സൂചിപ്പിച്ചിട്ടുണ്ട്. കളരി പരമ്പരാഗതമായ അഭ്യസിക്കാനും അദ്ദേഹം ആഗ്രഹിച്ചു. ചൈനീസ് ആയോധന കലകള്‍ വികാസം പ്രാപിക്കാനിടയായ സാഹചര്യവും അദ്ദേഹം മനസിലാക്കിയിരിക്കാം. കളരി മാത്രമല്ല, എല്ലാ ആയോധന കലകളും തന്റെ അഭ്യാസങ്ങളില്‍ അദ്ദേഹം സംയോജിപ്പിച്ചു. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു രീതിമാത്രമാണ് ബ്രൂസ് ലീ പിന്തുടര്‍ന്നത് എന്നും പറയാനാവില്ല.

32 വയസില്‍ മരിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വിലയേറിയ താരമായി ബ്രൂസ് ലീ മാറിയിരുന്നു. അത്യത്ഭുതത്തോടെ മാത്രമേ അദ്ദേഹത്തിന്റെ ജീവിത കഥ മനസിലാക്കാന്‍ സാധിക്കൂ. ലീയുടെ മരണത്തിന്റെ ദുരൂഹത ഇന്നും പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ഒരു ചൈനക്കാരനായ നടന്‍ തങ്ങളുടെ സിനിമാ വ്യവസായത്തില്‍ അഗ്രഗണ്യനായി വളര്‍ന്നുകഴിഞ്ഞുവെന്ന തിരിച്ചറിവ് ഹോളിവുഡിനെ ചൊടിപ്പിച്ചുവെന്നതില്‍ ചുറ്റിപ്പറ്റിയാണ് ദുരൂഹതകള്‍ നിലകൊള്ളുന്നതും.

എന്തായാലും ബ്രൂസ് ലീയുടെ കുടുംബവും ഇപ്പോള്‍ തയാറാക്കുന്ന ചിത്രത്തോട് സഹകരിക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ക്കൊന്നും സ്ഥാനമുണ്ടാവില്ല. ഏറ്റവും ആധികാരികമായ രീതിയില്‍ ലഭിക്കുന്ന വിവരങ്ങളാകുമത് എന്നുളള്തില്‍ ബ്രൂസ് ലീ ആരാധകര്‍ക്കും സിനിമാ ആരാധകര്‍ക്കും ഒരുപോലെ ആഹ്ലാദിക്കാം.

DONT MISS
Top