ചിന്നക്കനാലില്‍ കാട്ടാന ചരിഞ്ഞ സംഭവം: തച്ചങ്കരിയുടെ സഹോദരന് വനപാലകര്‍ നോട്ടീസ് നല്‍കി

മൂന്നാര്‍: മൂന്നാര്‍ ചിന്നക്കനാലിലെ തച്ചങ്കരി എസ്‌റ്റേറ്റില്‍ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് വ്യക്തമാക്കി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് . തച്ചങ്കരി എസ്‌റ്റേറ്റിലെ കവാടത്തിലുണ്ടായിരുന്ന മുള്‍വേലിയില്‍ നിന്നാണ് കാട്ടാനയ്ക്ക് വൈദ്യുതാഘാതമേറ്റിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ വനവകുപ്പ് കേസെടുത്തു.

എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ സഹോദരനും, എസ്‌റ്റേറ്റ് ഉടമയുമായ ടിസന്‍ തച്ചങ്കരിയും എസ്റ്റേറ്റ് ജീവനക്കാരന്‍ ഷിജോയുമാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു എസ്റ്റേറ്റിലെ വൈദ്യുത വേലിയില്‍നിന്നും ഷോക്കേറ്റ് കാട്ടാന ചരിഞ്ഞത്.

വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന എസ്‌റ്റേറ്റില്‍ വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാന്‍ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതില്‍ തട്ടിയാണ് കഴിഞ്ഞ ദിവസം പതിനൊന്ന് വയസ്സുള്ള പിടിയാന ചരിഞ്ഞത്. മൂന്നാറില്‍ ഒരുമാസത്തിനിടയില്‍ മൂന്നാനകളാണ് ചരിഞ്ഞത്. ആനകള്‍ ചരിഞ്ഞതില്‍ വനവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു.

ടിസന്‍ തച്ചങ്കരിയുടെ എസ്‌റ്റേറ്റില്‍ വൈദ്യുത വേലി സ്ഥാപിച്ചത് നിയമാനുസൃതമാണോയെന്ന് വനംവകുപ്പ് അന്വേഷിക്കും. എസ്‌റ്റേറ്റ് ജീവനക്കാരന്‍ ഷിജോയെ ഒന്നാംപ്രതിയാക്കി കേസെടുത്ത വനം വകുപ്പ് ടിസന്‍ തച്ചങ്കരിയെ രണ്ടാംപ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വനംവകുപ്പ് അറസ്റ്റ് ചെയ്ത ഷിജോയെ കോടതിയില്‍ ഹാജരാക്കി. ടിസന്‍ തച്ചങ്കരിയോട് ഹാജരാകാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

DONT MISS
Top