എങ്ങനെ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാം? കുട്ടിയാനയുടെ അഭിനയത്തികവ് കാണൂ

കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളുമൊക്കെ ആസ്വദിക്കുന്നവരാണ് മാതാപിതാക്കള്‍. ശ്രദ്ധിക്കപ്പെടുമെന്ന് അറിയാവുന്നത് കൊണ്ട് കുട്ടികളും കുറുമ്പ് കാട്ടാന്‍ ആവേശത്തിലായിരിക്കും. മക്കളുടെ കള്ളത്തരങ്ങളൊക്കെ ഏറെക്കുറെ മനസ്സിലായാലും ഒന്നുമറിയാത്ത ഭാവത്തില്‍ അവരുടെ കുഞ്ഞു വലിയ തമാശകള്‍ ആസ്വദിക്കാനാണ് മാതാപിതാക്കള്‍ക്കിഷ്ടം. ഇങ്ങനെ മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഓരോന്നു ചെയ്തിട്ട് അവസാനം ഇളിഭ്യനാകേണ്ടി വന്ന ഒരു ആനക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മാതാപിതാക്കള്‍ക്ക് മുന്‍പേ നടന്നു വരുന്ന കുട്ടിയാന വഴിയരുകിലെ പുല്‍മേട്ടിലേക്ക് തലകുത്തിമറിയുന്നതും ഇരുന്നും കിടന്നും കളിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. അവസാനം റോഡിലേക്ക് ഉരുണ്ടു മറിയുന്നതും കാണാം. എഴുന്നേല്‍ക്കാന്‍ വയ്യാത്തതു പോലുള്ള അഭിനയവും ഗംഭീരമാണ്.

പിന്നാലെ വരുന്ന മാതാപിതാക്കള്‍ കാര്യമായിട്ട് ഗൗനിച്ചേക്കുമെന്നും തൊട്ടു തലോടുകയോ എഴുന്നേല്‍പ്പിക്കുകയോ ചെയ്യുമെന്ന് സ്വാഭാവികമായും കുട്ടിയാന കരുതിക്കാണും. പക്ഷേ അച്ഛനുമമ്മയും ഈ നമ്പറുകളൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോവുകയാണ് ചെയ്തത്. ഇളിഭ്യനായതോടെ കുട്ടിയാന മെല്ലെയെഴുന്നേറ്റ് ദേഹത്തെ പൊടിയും തട്ടിക്കളഞ്ഞ് അച്ഛനമ്മമാരുടെ പിന്നാലെ ഓടിപ്പോകുന്നത് കാണാം.

കുട്ടിയാനയ്ക്ക് പറ്റിയ അമളി ഇതിനകം വൈറലായിക്കഴിഞ്ഞു. പ്രകടനങ്ങളൊക്കെ വൃഥാവിലായ കുട്ടിക്കുറുമ്പന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. ആഫ്രിക്കയിലെ സാവന്നയിലാണ് രസകരമായ ഈ സംഭവം നടന്നത്.

DONT MISS
Top