മോഹന്‍ലാല്‍ മലയാളത്തിന്റെ ശബ്ദവിസ്മയം; മോഷന്‍ ടൈറ്റില്‍ ഹിറ്റാക്കിയ മാജിക്കല്‍ വോയിസിന് നന്ദി പറഞ്ഞ് ജയറാം

അഭിനയചക്രവര്‍ത്തി മാത്രമല്ല മലയാളത്തിന്റെ ശബ്ദ വിസ്മയം കൂടിയാണ് മോഹന്‍ ലാല്‍ എന്ന് നടന്‍ ജയറാം. മോഹന്‍ ലാലിന്റെ അനുഗ്രഹീത ശബ്ദമൊന്നു കൊണ്ടു മാത്രമാണ് തന്റെ പുതിയ ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ ഇത്ര തരംഗമായതെന്ന് ജയറാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

സമുദ്രക്കനി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ആകാശമിഠായിയുടെ മോഷന്‍ ടൈറ്റിലിനാണ് മോഹന്‍ലാല്‍ ശബ്ദം നല്‍കിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ ‘ അന്നേരം കേശവന്‍ നായരും സാറാമ്മയും തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്ത് പേരിടണമെന്ന് ആലോചിച്ചു…’ എന്നു തുടങ്ങുന്ന വരികളാണ് മോഷന്‍ പോസ്റ്ററില്‍ മോഹന്‍ ലാല്‍ പറയുന്നത്.

‘മോഷന്‍ ടൈറ്റില്‍ ഇത്ര ഹിറ്റാവാന്‍ കാരണം അതിന് പിന്നിലെ മാസ്മരിക ശബ്ദമാണ്. മലയാളത്തിലെ മഹാനടന്‍ മോഹല്‍ ലാലിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ആ മാജിക്കല്‍ വോയിസിന് നന്ദി. താങ്ക് യു ലാലേട്ടാ, താങ്ക് യു സോ മച്ച്… ജയറാം വീഡിയോയില്‍ പറയുന്നു.

തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണ് ആകാശമിഠായി. തമിഴില്‍ സമുദ്രക്കനി ചെയ്ത വേഷമാണ് മലയാളത്തില്‍ ജയറാം ചെയ്യുന്നത്. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇനിയ, ഇര്‍ഷാദ്, നന്ദന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

DONT MISS
Top