ഇന്ത്യ സൈനിക നടപടിക്ക് സജ്ജമാകുന്നു? ദോക് ലാമില്‍ നിന്നും ജനങ്ങളെ ഇന്ത്യന്‍ സൈന്യം ഒഴിപ്പിച്ചു

ഫയല്‍ ചിത്രം

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക് ലാമില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ മേഖലയ്ക്കു സമീപമുള്ള ജനങ്ങളോട് ഗ്രാമം ഒഴിഞ്ഞു പോകാന്‍ സൈന്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന ദോക്‌ലാം മേഖലയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള നതാങ് ഗ്രാമത്തിലെ ജനങ്ങളോടാണ് ഒഴിഞ്ഞു പോകാനാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മാസമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഇവിടെ ഏതെങ്കിലും രീതിയിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായാല്‍ ആള്‍ നാശം കുറക്കുന്നതിനാണ് സൈന്യം ഇത്തരത്തില്‍ ഒരു നടപടി എടുത്തതെന്നാണ് സൂചന.

മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനായി ചെറിയ രീതിയിലുള്ള സൈനിക നടപടികള്‍ രാജ്യം കൈക്കൊള്ളുമെന്ന് ചൈനീസ് മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സമാധാനമാണ് ചൈന ആഗ്രഹിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംങ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതേസമയം, രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും ഷീ പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചുനാളായി ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക് ലാമില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. സിക്കിം അതിര്‍ത്തിയായ ദോക് ലാമില്‍ ചൈന റോഡ് നിര്‍മ്മിക്കുന്നതിനെതിരെ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തിയായ ദോക് ലാമില്‍, ഭൂട്ടാന്‍ അതിര്‍ത്തികള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാല്‍ ഇത് മുതലാക്കിയാണ് ചൈനയുടെ റോഡ് നിര്‍മ്മാണം.

ദോക് ലാമിലെ സംഘര്‍ഷത്തെ നേരിടാന്‍ മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ദോക് ലാമില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന ചൈനയുടെ ആദ്യ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യ സൈന്യത്തെ വിന്യസിച്ചത്.

ഇന്ത്യ ചരിത്രത്തില്‍ നിന്നു പാഠം പഠിക്കണമെന്ന ചൈനീസ് സൈനിക വക്താവിന്റെ മുന്നറിയിപ്പിനോട് വളരെ രൂക്ഷമായ ഭാഷയിലായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത്. 1962 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യയെന്നും വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്നും ഇക്കാര്യം ചൈന ഓര്‍ക്കണമെന്നുമായിരുന്നു ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടത്. 1962ലെ യുദ്ധം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ചൈനയുടെ മുന്നറിയിപ്പ്.

DONT MISS
Top