മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: കെ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജിക്കാരനായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കള്ളവോട്ട് ചെയ്തവരുടെ കൃത്യമായ മേല്‍വിലാസം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഇത്രയും പേരെ വിസ്തരിക്കുന്നത് നിസാരമായ കാര്യമല്ലെന്ന് അഭിപ്രായപ്പെട്ട കോടതി ലാഘവത്തോടെയാണോ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ചോദിച്ചു. കേസ് ഇനി പരിഗണിക്കുന്ന 22 ന് കൃത്യമായ മേല്‍വിലാസം നല്‍കണം.

മഞ്ചേശ്വരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥലത്തില്ലാതിരുന്നവരുടെ പേരില്‍ കള്ളവോട്ട് നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് കെ സുരേന്ദ്രന്‍ ആരോപിച്ചിരിക്കുന്നത്. ആരോപണം തെളിയിക്കപ്പെട്ടാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതില്‍ 75 പേര്‍ക്ക് സമന്‍സ് അയച്ചിട്ടും അത് മടങ്ങുകയായിരുന്നു. ഇവരുടെ കൃത്യമായ മേല്‍വിലാസം നല്‍കണമെന്നാണ് കോടതി ഇന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഇതിനോടകം 175 ഓളം പേരെയാണ് വിസ്തരിച്ചിരിക്കുന്നത്. എന്നാല്‍ സമന്‍സ് അയച്ചവരില്‍ ചിലര്‍ ഇതുവരെ ഹാജരായിട്ടില്ല. ഹാജരാകാത്ത 75 പേരുടെ അഡ്രസ് കൃത്യമല്ലെന്നാണ് കോടതി ഇന്ന് ചൂണ്ടിക്കാട്ടിയത്. ഇവര്‍ക്ക് നേരത്തെ പലതവണ സമന്‍സ് അയച്ചെങ്കിലും മടങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അഡ്രസ് കൃത്യമല്ലെന്ന് കോടതി വ്യക്തമാക്കിയത്. ഇതില്‍ 45 പേര്‍ വിദേശത്താണ്.

കോടതിയില്‍ ഹാജരാകേണ്ടവരില്‍ പലരും വിദേശത്താണ്. ഇവര്‍ക്കുള്ള സമന്‍സ് ബന്ധുക്കള്‍ കൈപ്പറ്റിയാല്‍ത്തന്നെ അക്കാര്യം വിദേശത്തുള്ളവരെ അറിയിക്കുമെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനുള്ളതല്ലെന്ന് ജഡ്ജി പറഞ്ഞു.

വിദേശത്തുനിന്ന് വരുന്നവരുടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രാചെലവ് സുരേന്ദ്രനാണ് വഹിക്കേണ്ടത്. ചെലവിനുള്ള തുക സുരേന്ദ്രന്‍ കോടതിയില്‍ കെട്ടിവെക്കണം. ഇതിനുള്ള ഭീമമായ തുക സുരേന്ദ്രന്‍ എങ്ങനെ കണ്ടെത്തും എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് കെട്ടിവെച്ചാല്‍ തന്നെ ഇതിനുള്ള ഉറവിടവും സുരേന്ദ്രന്‍ വെളിപ്പെടുത്തേണ്ടി വരും.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ പിവി അബ്ദള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ തോറ്റത്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. മരിച്ചവരുടെ പേരില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന സുരേന്ദ്രന്റെ ആരോപണം നേരത്തെ പൊളിഞ്ഞിരുന്നു. സുരേന്ദ്രന്‍ മരിച്ചെന്ന് പറഞ്ഞവര്‍ നേരിട്ട് കോടതിയിലെത്തി മൊഴി നല്‍കിയിട്ടുണ്ട്.

DONT MISS
Top