കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ആപ്പിനും ‘ആപ്പ്’ വെച്ച് മലയാളികള്‍; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്ലിക്കേഷന്‍ കാണാനില്ല

അര്‍ണബ് ഗോസ്വാമി

കേരളത്തെ ദേശീയതലത്തില്‍ താറടിച്ചുകാണിക്കാന്‍ കച്ചകെട്ടിയിറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കും തന്റെ ചാനല്‍ റിപ്പബ്ലിക്കിനും തിരിച്ചടി വീണ്ടും തിരിച്ചടി. ചാനലിന് വളരെ മോശം റേറ്റിംഗ് ആയതോടെ ആപ്ലിക്കേഷനും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി.

ചാനലിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിംഗ് മണിക്കൂറുകള്‍ക്കുള്ളില്‍ 2.2ല്‍ എത്തിയതോടെ റേറ്റിംഗിനുള്ള ഫീച്ചര്‍ പേജില്‍ നിന്ന് പിന്‍വലിച്ചിരുന്നു. അതോടെ പൊങ്കാല പ്ലേ സ്റ്റോറിലേക്ക് മാറ്റുകയായിരുന്നു മലയാളികള്‍.

കഴിഞ്ഞ കുറേ നാളുകളായി കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും പ്രചരണങ്ങളുമായി മുന്നേറുകയായിരുന്നു ചാനല്‍. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളികള്‍ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിംഗ് കുറക്കുകയും പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ അപ്രത്യക്ഷമാക്കുകയും ചെയ്തത്.

അടുത്തിടെ നടന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ചായ്‌വുള്ള ചില ചാനലുകള്‍ കേരളത്തെ അക്രമങ്ങളുടെ നാടായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. അത്തരത്തില്‍ ചില കാംപെയിനുകളും റിപ്പബ്ലിക് ഉള്‍പ്പെടെയുള്ള ചാനലുകള്‍ നടത്തി. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്പോഴാണ് വളരെ തുച്ഛമായ അക്രമങ്ങള്‍ മാത്രം നടക്കുന്ന കേരളത്തെ അപമാനിക്കാന്‍ ഈ സംഘപരിവാര്‍ ചാനലുകള്‍ രംഗത്തെത്തിയത്.

കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍എസ്എസ് വാദത്തിനു ശക്തി പകരുന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ റിപ്പബ്ലിക് ടിവി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. കൂടാതെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ചാനലിനെതിരെ കൈക്കൊണ്ട നിലപാടുകള്‍ ശ്രദ്ധ നേടിയിരുന്നു. തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ തെരുവ് പട്ടികളോട് ഉപമിച്ചാണ് തരൂര്‍ ട്വീറ്റ് ഇട്ടത്. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിരുന്നു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടും തരൂരും ചാനലും തമ്മില്‍ പോരാട്ടം നടക്കുകയാണ്. സുനന്ദയുടെ കൊലപാതകമെന്നാണ് ചാനല്‍ പറയുന്നത്. ഇതിന് പിന്നില്‍ ശശി തരൂരാണെന്നും ചാനല്‍ പറയാതെ പറയുന്നു. ഇതിനെതിരെ തരൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ചാനലിനെതിര രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്.

DONT MISS
Top