സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പകര്‍ച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് 474 പേരാണ് മരിച്ചത്. നാലുപേര്‍ക്ക് ഇതുവരെ കോളറ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോളറ ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ മരിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു.

അപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക ചികില്‍സ തേടിയ ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം പകര്‍ച്ചപ്പനി വിഷയത്തില്‍ ആരോഗ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പനി ബാധിച്ച് മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. നിയമസഭാ സമ്മേളനം കഴിയും വരെ കണക്കുകള്‍ പുറത്തുവരാതിരിക്കാനാണ് മന്ത്രിയും ആരോഗ്യവകുപ്പും ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

ആരോഗ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. പകര്‍ച്ചപ്പനി അടക്കമുള്ള ആരോഗ്യമേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

DONT MISS
Top