മലയാളികള്‍ ബ്ലൂവെയില്‍ കളിക്കാന്‍ തുടങ്ങിയാല്‍ ഡവലപ്പര്‍ അവസാനം ആത്മഹത്യ ചെയ്യും; കൊലയാളി ഗെയിമിനെ കൊന്നു കൊലവിളിച്ച് ട്രോളര്‍മാര്‍

ലോകത്തെ വിറപ്പിച്ച കൊലയാളി ഗെയിമാണ് ബ്ലൂവെയില്‍. ഗെയിമിന്റെ മായിക വലയത്തില്‍ കുടുങ്ങി എല്ലാ നിര്‍ദ്ദേശങ്ങളും കണ്ണും പൂട്ടി അനുസരിച്ച നിരവധി പേരാണ് ഒടുവില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇന്ത്യയിലും ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണം ഒട്ടും കുറവല്ലെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് പോലീസിന് കിട്ടുന്ന വിവരം. എല്ലാം കഴിഞ്ഞ് കേരളത്തിലും നിരവധിയാളുകള്‍ ഗെയിം കളിക്കുന്നുണ്ടെന്നും അത് അപകടകരമാകാതെ സൂക്ഷിക്കണമെന്നുമുള്ള നിര്‍ദ്ദേശം വന്നതോടെ ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്‍മാര്‍.

കളിയില്‍ ഹരം പിടിക്കുന്നവരെ പതുക്ക പതുക്കെ ആത്മഹത്യയിലേക്ക് തള്ളിവിടുക എന്നതാണ് ഗെയിമിന്റെ മുഖ്യലക്ഷ്യം. കാണാമറയത്തിരുന്ന് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കളിയില്‍ പങ്കെടുക്കുന്നവര്‍ പാലിക്കണം. ഘട്ടം ഘട്ടമായാണ് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുക. ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആശംസകള്‍ കൊണ്ട് പുളകം കൊള്ളിക്കും.

ആവേശത്തിലാകുന്ന കളിക്കാര്‍ക്ക് അടുത്ത നിര്‍ദ്ദേശം ലഭിക്കും. അന്‍പത് ടാസ്‌കുകളുള്ള ഗെയിമില്‍ മുന്നോട്ടു പോകുംതോറും അപകട സാധ്യത കൂടിക്കൊണ്ടിരിക്കും. എല്ലാം വിജയിച്ച് അവസാനമെത്തുന്നയാള്‍ക്ക് ഒടുവില്‍ കിട്ടുന്ന നിര്‍ദ്ദേശം മരണത്തെ സ്വയം ക്ഷണിച്ചു വരുത്താനായിരിക്കും. ഈ സമയം കൊണ്ട് ഗെയിമിന് അഡിക്ടാകുന്നവര്‍ അഡ്മിന്‍ എന്ത് പറഞ്ഞാലും അനുസരിക്കുന്ന മാനസികാവസ്ഥയില്‍ എത്തുമെന്നും ഒടുവില്‍ മരണത്തിന് കീഴടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോകത്തെ മുഴുവന്‍ വിറപ്പിച്ച് കൊലയാളി ഗെയിം ഒടുവില്‍ കേരളത്തിലുമെത്തിയെന്ന് കേട്ടപ്പോള്‍ പരിഹാസത്തോടെയാണ് ട്രോളന്‍മാര്‍ വാര്‍ത്തയെ വരവേറ്റിരിക്കുന്നത്. ഈ കളി മലയാളികളോട് വേണ്ടെന്നാണ് ട്രോളന്‍മാര്‍ ഫറയുന്നത്. ഇതിലും വലിയ കടമ്പകള്‍ ചാടിക്കടന്നവരാണ് മലയാളികള്‍ എന്ന് വ്യക്തമാക്കുന്ന ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ പ്രചരിക്കുന്നത്. അഥവാ മലയാളികള്‍ ബ്ലൂവെയില്‍ ഗെയിം കളിച്ചാല്‍ ഡവലപ്പര്‍ അവസാനം ആത്മഹത്യ ചെയ്യുമെന്ന് ട്രോളന്‍മാര്‍ ഒരേ മനസ്സോടെ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരം തീര്‍ത്ത് അരങ്ങു തകര്‍ക്കുകയാണ് ബ്ലൂവെയിലിനെ കൊല്ലാക്കൊല ചെയ്തുകൊണ്ടുള്ള ട്രോളുകള്‍. ലോകത്തെ വിറപ്പിച്ച നീലത്തിമിംഗലത്തെ മലയാളികള്‍ കൊന്നുകറി വെക്കുമെന്ന് വ്യക്തമാക്കുന്ന ട്രോളുകള്‍ ഗുരുതരമായ വിഷയത്തെ ആക്ഷേപ ഹാസ്യത്തിലൂടെ കൈകാര്യം ചെയ്യാനുള്ള മലയാളിയുടെ കഴിവ് വ്യക്തമാക്കുന്നവയാണ്.

DONT MISS
Top