നിങ്ങള്‍ പാകിസ്താന്‍കാരാണോ? ഭാരത് മാതാ കി ജയ് വിളിയ്ക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ച് ബിജെപി മന്ത്രി [വീഡിയോ]

വിനോദ് കുമാര്‍ സിങ്

പാട്‌ന: ഭാരത് മാതാ കി ജയ് വിളിക്കാത്ത മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ബീഹാര്‍ ബിജെപി മന്ത്രി വിനോദ് കുമാര്‍ സിങ്. ബിജെപി പാട്‌നയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള മന്ത്രിയുടെ ആക്രോശം. ഭാരത് മാതാകി ജയ് വിളിക്കാത്ത മാധ്യമപ്രവര്‍ത്തകരെ പാകിസ്താന്‍ അനുകൂലികളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

പരിപാടിയ്ക്കിടെ തന്റെ പ്രസംഗത്തില്‍ എല്ലാവരോടും കൈ ഉയര്‍ത്തി ഭാരത് മാതാ കി ജയ് എന്ന് വിളിയ്ക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. മുന്‍നിരയിലുണ്ടായിരുന്ന ചില മാധ്യമ പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായില്ല. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

നിങ്ങള്‍ ആദ്യം ഭാരതമാതാവിന്റെ പുത്രന്‍മാരാണ്. പിന്നീട് മാത്രമാണ് മാധ്യമ പ്രവര്‍ത്തകരാകുന്നത്. നിങ്ങള്‍ ഭാരത് മാതാകി ജയ് വിളിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പാകിസ്താനെ അനുകൂലിയ്ക്കുന്നവരെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ മന്ത്രിയുടെ വിവാദ പരാമര്‍ശത്തിന് ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും നിശബ്ദരായിരുന്നുവെന്നതും ശ്രദ്ധേയമായി.

അതേസമയം മുസ്ലീം പള്ളികളിലും ക്രിസ്ത്യന്‍ പള്ളികളിലും മണിയ്ക്കും ബാങ്ക് വിളിയ്ക്കും പകരം ഭാരത് മാതാ കിജയ് എന്ന് വിളിയ്ക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് നിത്യാനന്ദ് റായിയും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയും ഇതിനോടകം വിവാദമായി.

DONT MISS
Top