“മതവിശ്വാസമനുസരിച്ച് രക്തം സ്വീകരിക്കാനാവില്ല, മരിച്ചാലും പ്രശ്‌നമില്ല”, ഡോക്ടര്‍മാരെ കുഴക്കി രോഗിണി; പിടി തോമസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌വരെ ഇടപെട്ട പ്രശ്‌നം ഇങ്ങനെ

പ്രതീകാത്മക ചിത്രം

കൊച്ചി: സതിപോലുള്ള ചില ആചാരങ്ങള്‍ പണ്ട് ഏറെ മനുഷ്യജീവനുകളെടുത്ത കഥകള്‍ മലയാളികള്‍ക്ക് പരിചിതമാണ്. എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായി കേരളം അത്ഭുതാവഹമായ വേഗത്തില്‍ വളര്‍ന്നു. ഇന്ന് പലകാര്യങ്ങളിലും കേരളം താരതമ്യം ചെയ്യപ്പെടുന്നത് വികസിത രാജ്യങ്ങളുമായിട്ടാണ്.

എന്നാല്‍ അനാചാരങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് അത് സന്തോഷപൂര്‍വം അനുസരിക്കാന്‍ ഒരുകൂട്ടം ‘റെഡി ടു വെയ്റ്റ്’ ആളുകള്‍ തയാറാണെങ്കിലോ? ആധുനിക സമൂഹം പകച്ച് നിന്നുപോവുകയേയുളളൂ. ഇതിനോട് സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം കാക്കനാട്ടെ ഒരു പ്രമുഖ ആശുപത്രിയില്‍ സംഭവിച്ചു.

ഡങ്കിപ്പനി ബാധിച്ച് ആശുപത്രിയിലെത്തിയ 25 വയസുകാരിയായ യുവതി ആശുപത്രി അധികൃതരെ അക്ഷരാര്‍ത്ഥത്തില്‍ വലച്ചുകളഞ്ഞു. അഡ്മിറ്റായി കുറച്ചുദിവസം കഴിഞ്ഞ് പ്ലേറ്റ്‌ലെറ്റിന്റെയും ഹീമോഗ്ലോബിന്റെയും അളവ് വര്‍ദ്ധിച്ചതേയില്ല. അപകടം ഒഴിവാക്കണമെങ്കില്‍ രക്തം സ്വീകരിക്കാന്‍ തയാറാകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ രംഗം വഷളായി.

തന്റെ മതവിശ്വാസപ്രകാരം രക്തം സ്വീകരിക്കാനാവില്ലെന്ന് യുവതി തറപ്പിച്ചുപറഞ്ഞു. മരിച്ചുപോയാലും പ്രശ്‌നമില്ല, രക്തം കയറ്റേണ്ടത്രെ! യഹോവാ സാക്ഷികള്‍ എന്ന മതവിഭാഗത്തിലുള്ള ഇവര്‍ക്ക് അവയവ-രക്ത ദാനമൊന്നും വിശ്വാസപ്രകാരം പാടില്ല. ഇതോടെ ആശുപത്രി അധികൃതര്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. രോഗിയുടെ ബന്ധുക്കളും ഇതേ മതവിശ്വാസത്തില്‍പ്പെടുന്നവരായതിനാല്‍ അവരും യുവതിയുടെ അതേ വിശ്വാസം പിന്തുടര്‍ന്നു.

ഇക്കാര്യം ആശുപത്രി അധികൃതര്‍ വഴി സ്ഥലം എംഎല്‍എ പിടി തോമസ് അറിഞ്ഞു. ഇതോടെ പൊലീസ് സംരക്ഷണയിലാണെങ്കിലും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സ രോഗിക്ക് നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അദ്ദേഹം അറിയിച്ചതിനേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തിലിടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് തൃക്കാക്കര എസിപി പിപി ഷംസ് രാത്രിയോടെ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ബന്ധുക്കളോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനും അദ്ദേഹം ശ്രമിച്ചു.

എന്നാല്‍ ഇതുവരെ രക്തം നല്‍കല്‍ മാത്രം നടന്നിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മരുന്നുകൊണ്ടുതന്നെ അപകടനില തരണം ചെയ്യിക്കാന്‍ സാധിക്കുമോ എന്ന് ഡോക്ടര്‍മാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ രക്തം കയറ്റേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറയുന്നത്. എന്തായാലും മനുഷ്യ ജീവന്‍ പന്താടിക്കൊണ്ടുള്ള മത വിശ്വാസം മനുഷ്യന്‍ എത്രനാള്‍ ചുമക്കുമെന്ന് കണ്ടുതന്നെയറിയണം.

DONT MISS
Top