നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്ത് നിന്ന് പിടിച്ചെടുത്തത് 2.55 കോടി രൂപയുടെ കള്ളനോട്ട്: ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍ നിന്ന്

ഫയല്‍ ചിത്രം

ദില്ലി: നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്ത് നിന്ന് 2.55 കോടിരൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഇതിലേറെയും പിടിച്ചെടുത്തത് ഗുജറാത്തിനോട് ചേര്‍ന്ന അതിര്‍ത്തികളില്‍ നിന്നാണെന്നും കേന്ദ്രസര്‍ക്കാര്‍.

കേന്ദ്രആഭ്യന്തര മന്ത്രി ഹന്‍സ്‌രാജ് ജി അഹീറാണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്. 2016 നവംബര്‍ മുതല്‍ ജൂലൈ 14 വരെയുള്ള ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളെ ആധാരമാക്കിയുള്ളതാണ് വിവരങ്ങള്‍.

രാജ്യത്ത് കളള നോട്ടുകളുമായി ബന്ധപ്പെട്ട് 23429 കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. ഇതില്‍ അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ കറന്‍സികളും, അതിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ കറന്‍സികളും ഉള്‍പ്പെട്ടിട്ടുണ്ട്. 1.37 കോടി രൂപയാണ് ഗുജറാത്തില്‍ നിന്നും പിടിച്ചെടുത്ത നോട്ടുകള്‍. മിസോറാമില്‍ നിന്ന് 55 ലക്ഷവും, പശ്ചിമബംഗാളില്‍ നിന്ന് 44 ലക്ഷവും, പഞ്ചാബില്‍ നന്ന് 5.60 ലക്ഷം കള്ളനോട്ടും പിടിച്ചെടുത്തെന്നും അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി.

രാജ്യത്ത് ഇത്തരത്തിലുള്ള കള്ളനോട്ടിന്റെ വ്യാപനം തടയുന്നതിന് വേണ്ടി ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്നും, പുതിയ സാങ്കേതിക വിദ്യയും, കൂടുതല്‍ ആളുകളെയും ഉള്‍പ്പെടുത്തികൊണ്ട് ശക്തമായി തന്നെ ഇതിനെ പ്രതിരോധിക്കുമെന്നും ഹന്‍സ്‌രാജ് വ്യക്തമാക്കി.

റിസര്‍വ് ബാങ്ക് അച്ചടിച്ച പുതിയ 500, 2000 രൂപ നോട്ടുകള്‍ വിവിധ വലുപ്പത്തിലും, ഡിസൈനിലും ഉള്ളതാണെന്ന് പ്രതിപക്ഷം ഇന്ന് രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വല്യ കുംഭകോണം ആണിതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. നോട്ടില്‍ ഒന്ന് പാര്‍ട്ടിക്കും, മറ്റൊന്ന് ജനങ്ങള്‍ക്കും വേണ്ടി ഉള്ളതാണ് എന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു.

രാജ്യസഭയില്‍ ശൂന്യവേളയില്‍ കപില്‍ സിബലാണ് സര്‍ക്കാരിന് എതിരായ ആരോപണം ഉന്നയിച്ചത്. നോട്ട് അസാധു ആക്കല്‍ എന്തിനാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത് എന്ന് താന്‍ വെളിപെടുത്താമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കപില്‍ സിബല്‍ തുടങ്ങിയത്. ആര്‍ബിഐ രണ്ട് തരത്തിലും രൂപത്തിലുമുള്ള നോട്ടുകളാണ് നിര്‍മിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ആരാഞ്ഞു. നോട്ടില്‍ ഒന്ന് പാര്‍ട്ടിക്കും, മറ്റൊന്ന് ജനങ്ങള്‍ക്കും വേണ്ടി ഉള്ളതാണ് എന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍ ആരോപിച്ചു.

DONT MISS
Top